Philippines Batanes island Source: Social Media
WORLD

ഉപജീവന മാർഗം നഷ്ടമാകുമോ എന്ന് ഭീതി; ചൈന- തായ്‌വാൻ സംഘർഷത്തിൽ നെഞ്ച് പിടഞ്ഞ് ബറ്റാനെസ് നിവാസികൾ

ഒരു യുദ്ധം പൊട്ടിപുറപ്പെട്ടാൽ ഇവാറ്റൻ ജനതയുടെ ഉപജീവനമാർഗം തന്നെയില്ലാതാവും. ബറ്റാനസിന്റെ പ്രധാന വരുമാന സ്രോതസ്സായ ടൂറിസവും അപകടത്തിലാകും.

Author : ന്യൂസ് ഡെസ്ക്

കടലിടുക്കിലെ സൈനിക നീക്കങ്ങളെ തുടർന്ന് ചൈനയും തായ്‌വാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ബറ്റാനെസ് നിവാസികൾ അവരുടെ ഭാവിയോർത്ത് ആശങ്കപ്പെടുകയാണ്. സംഘർഷമുഖത്തേക്ക് നീങ്ങിയാൽ ഉപജീവന മാർഗം തന്നെ ഇല്ലാതാവുമെന്ന ഭീതിയിലാണ് ഇവാറ്റൻ ജനത കഴിയുന്നത്.

ഫിലിപ്പീൻസിന്റെ വടക്കേ പ്രവിശ്യയുടെ ഭാഗവും തായ്‌വാനുമായി ഏറ്റവും അടുത്ത പ്രദേശവുമാണ് ബറ്റാനെസ്. അടുത്ത കാലം വരെ ഈ പ്രവിശ്യ സമാധാനപരവും അതിമനോഹരവുമായ ഒരിടമായിരുന്നുവെന്ന് ഇവാറ്റൻ ജനത പറയുന്നു. എന്നാൽ പസഫിക് സമുദ്രത്തിലെ ആധിപത്യത്തിനായി അമേരിക്കയും ചൈനയും തമ്മിൽ പോരടിച്ച് തുടങ്ങിയതോടെ ആ സമാധാനാന്തരീക്ഷം നഷ്ടമായി.

പടിഞ്ഞാറൻ പസഫിക്കിലേക്കുള്ള ചൈനീസ് സേനയുടെ പ്രവേശനം തടയുന്നതിനായി യുഎസും തായ്‌വാനും ചേർന്ന് കരയിൽ നിന്ന് പ്രവർത്തിക്കുന്ന കപ്പൽ വിരുദ്ധ മിസൈലുകൾ ഉപയോഗിക്കാൻ പദ്ധതിയിടുകയാണ്. തായ്‌വാനെതിരെ നീങ്ങുന്ന ചൈനീസ് കപ്പല്‍ പടയെ ആക്രമിക്കാനുള്ള പദ്ധതി നടപ്പിലായാല്‍ ദ്വീപ് ഉപരോധ സമാനമായ സാഹചര്യം നേരിടും.

ഇത്തരം നടപടികൾ ഒടുവിൽ യുദ്ധത്തിലേക്ക് നീങ്ങുമോയെന്നാണ് ഇവാറ്റൻ ജനങ്ങളുടെ ആശങ്ക. മത്സ്യബന്ധനമാണ് ഇവാറ്റൻ ജനതയുടെ പ്രധാന ഉപജീവന മാർഗം. അത് കൊണ്ട് തന്നെ കടലിടുക്കിലെ പ്രശ്നങ്ങൾ വഷളാവുമ്പോൾ ഈ സാധാരണക്കാരുടെ നെഞ്ചാണ് പിടയുന്നത്. ഒരു യുദ്ധം പൊട്ടിപുറപ്പെട്ടാൽ ഇവാറ്റൻ ജനതയുടെ ഉപജീവനമാർഗം തന്നെയില്ലാതാവും. ബറ്റാനസിന്റെ പ്രധാന വരുമാന സ്രോതസ്സായ ടൂറിസവും അപകടത്തിലാകും.

കഴിഞ്ഞ അഞ്ച് വർഷമായി, തായ്‌വാനിനടുത്ത് ചൈന സൈനികാഭ്യാസങ്ങൾ ശക്തമാക്കിയിട്ടുണ്ട്. തായ്‌വാൻ തങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും ആവശ്യമെങ്കിൽ ബലം പ്രയോഗിച്ച് പിടിച്ചെടുക്കുമെന്നും ചൈന വർഷങ്ങളായി അവകാശപ്പെടുകയാണ്.

SCROLL FOR NEXT