പാരിസ്: ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. 16 മാസത്തിന് ശേഷമാണ് ഇരു നേതാക്കളും നേരിട്ട് കാണുന്നത്. ഉച്ചകോടി നടക്കുന്ന ഹാളില്‍ വെച്ച് പുഞ്ചിരിയോടെ പരസ്പരം കൈകൊടുത്തും തോളില്‍ തട്ടിയുമാണ് ഇരുവരും സൗഹൃദം പുതുക്കിയത്. ഉച്ചകോടിയുടെ ഔദ്യോഗിക സെഷന്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്.
ജി7 നേതാക്കളെ അഭിസംബോധന ചെയ്യവേ ഇന്ത്യൻ നാവികർ അടക്കം നിരവധി പേർക്ക് പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ജീവൻ നഷ്ടപ്പെട്ടകാര്യം മോദി ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്ക് വഴിയുള്ള വ്യാപാരത്തിലുണ്ടായ തടസങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും മോദി പറഞ്ഞു. കടൽമാർഗമുള്ള ചരക്ക് ഗതാഗതം സുരക്ഷിതമാണെന്ന് എല്ലാവരും ഉറപ്പ് വരുത്തണമെന്നും മോദി ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഒമാൻ ആക്രമണത്തിന് പിന്നാലെ അമേരിക്കയുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ കേന്ദ്രം വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടതിൽ യുഎസ് ഇനിയും ഖേദപ്രകടനം നടത്തിയിട്ടില്ല.