Image: X
WORLD

വൈറലായി 'മെലോഡി' കൂടിക്കാഴ്ച; 'പ്രിയ സുഹൃത്തിനെ' സ്വീകരിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മെലോഡി എന്ന ഹാഷ്ടാഗ് വീണ്ടും സമൂഹ മാധ്യമങ്ങളില്‍ തരംഗമായി

Author : ന്യൂസ് ഡെസ്ക്

ബഹുരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഇറ്റലിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം ഒരുക്കി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി. റോമിലേക്ക് പ്രിയ സുഹൃത്തിന് സ്വാഗതമെന്ന കുറിപ്പോടെ, ചരിത്രപ്രസിദ്ധമായ കൊളോസിയത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരും ഒരുമിച്ചെടുത്ത സെല്‍ഫി മെലോനി എക്‌സില്‍ പങ്കുവെച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മെലോഡി എന്ന ഹാഷ്ടാഗ് വീണ്ടും സമൂഹ മാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു.

ഇന്നലെ രാത്രിയോടെയാണ് ബഹുരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തിയത്. റോമിലെത്തിയ മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുമായി അത്താഴ വിരുന്നില്‍ പങ്കെടുത്തു. തുടര്‍ന്ന് ഇരുവരും ചരിത്രപ്രസിദ്ധ കൊളോസിയം സന്ദര്‍ശിച്ചു. എന്റെ സുഹൃത്തിന് റോമിലേക്ക് സ്വാഗതമെന്ന് ഇരുവരും ഒന്നിച്ചുള്ള സെല്‍ഫി പങ്കുവെച്ച് മെലോനി എക്‌സില്‍ കുറിച്ചു. ഇവരുവരുടെയും ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം മില്യണ്‍ കാഴ്ചക്കാരെയാണ് സമൂഹ മാധ്യമങ്ങളില്‍ നേടിയത്.

2023ല്‍ ദുബായിലും 2024-ല്‍ ഇറ്റലിയിലും നടന്ന ഉച്ചകോടിയില്‍ ഇരുവരും പങ്കുവെച്ച സെല്‍ഫികളും വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയ ഇരുവര്‍ക്കും മെലോഡി എന്ന വിളിപ്പേരും നല്‍കി. ഇതേ ഹാഷ് ടാഗോടെ ആണ് പുതിയ ചിത്രങ്ങളും വൈറലായിരിക്കുന്നത്. ഇതിനിടയില്‍, മെലോനിക്ക് മെലഡി മിഠായി മോദി സമ്മാനിക്കുന്ന വീഡിയോയും വൈറലായിട്ടുണ്ട്.

വ്യാപാരം, പ്രതിരോധം, ഹരിത ഊര്‍ജ്ജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വിപുലമായ ഉഭയകക്ഷി ചര്‍ച്ചകള്‍ നരേന്ദ്ര മോദി മെലോനിയുമായി നടന്നു.

ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയുമായും മോദി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, സാംസ്‌കാരിക ബന്ധങ്ങള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യ-ഇറ്റലി സൗഹൃദത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നിര്‍ണായക ധാതുക്കള്‍, ബഹിരാകാശം, ആണവോര്‍ജ്ജം തുടങ്ങിയ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്തു.

ഇരുനേതാക്കളും തമ്മിലുള്ള ഉഭയകക്ഷി യോഗത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്അജിത് ഡോവല്‍, വിദേശകാര്യ മന്ത്രാലയം സെക്രട്ടറിസിബി ജോര്‍ജ്, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, മറ്റ് മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുണ്ടായിരുന്നു.

SCROLL FOR NEXT