ട്രംപിനെ കാണാൻ വൊളോഡിമിർ സെലെൻസ്‌കി Source: X
WORLD

കീവിൽ റഷ്യൻ വ്യോമാക്രമണം കനക്കുന്നതിനിടെ ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി സെലെൻസ്‌കി

സമാധാന ചർച്ചകൾ തുടരുന്നതിനിടെ ഇന്നലെ സമീപ ദിവസങ്ങളിലെ ഏറ്റവും കനത്ത ആക്രണം യുക്രെയ്ന് നേരെ റഷ്യ നടത്തിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

ഫ്‌ളോറിഡ: ഏകദേശം നാല് വർഷമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണായക നീക്കത്തിൻ്റെ ഭാഗമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്‌കിയും ഉടൻ കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച ഫ്‌ലോറിഡയിലെ ട്രംപിൻ്റെ ആഡംബര വസതിയായ മാർ-എ-ലാഗോയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നീക്കത്തിൽ ഈ കൂടിക്കാഴ്ച വലിയ പുരോഗതിയായാണ് കണക്കാക്കപ്പെടുന്നത്. ട്രംപുമായുള്ള കൂടിക്കാഴ്ച ഉടൻ നടക്കുമെന്ന് സെലെൻസ്‌കി നേരത്തെ എക്സിലൂടെ വ്യക്തമാക്കിയിരുന്നു. പുതുവർഷത്തിന് മുമ്പ് ഒരുപാട് കാര്യങ്ങൾ തീരുമാനിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയോടെ സെലെൻസ്കി പ്രതികരിച്ചത്. നവംബറിൽ യുഎസ് ഭരണകൂടം മുന്നോട്ടുവച്ച 28 നിർദേശങ്ങൾ അടങ്ങിയ ഒത്തുതീർപ്പ് മാർഗനിർദേശത്തിലാണ് ചർച്ചകൾ നടക്കുക.

അതേസമയം, യുക്രേനിയൻ തലസ്ഥാനത്ത് റഷ്യൻ മിസൈൽ ആക്രമണ ഭീഷണി നേരിടുകയാണ്. ശനിയാഴ്ച പുലർച്ചെ കീവ് നഗരത്തിൽ നിരവധി ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായി. നഗരത്തിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

നിരവധി യുക്രേനിയൻ പ്രദേശങ്ങൾക്ക് മുകളിലൂടെ ഡ്രോണുകളും മിസൈലുകളും നീങ്ങുന്നുണ്ടെന്ന് യുക്രെയ്ൻ വ്യോമസേന സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി.

SCROLL FOR NEXT