ഡയാന രാജകുമാരിയുടെ മെഴുകുപ്രതിമ Source: X
WORLD

ഉയിരോടെ കൊണ്ടുവച്ച പോലെ... 'റിവഞ്ച് ഡ്രസി'ൽ ഡയാന രാജകുമാരിയുടെ മെഴുകുപ്രതിമ; പാരിസ് മ്യൂസിയത്തിൽ വൻ സന്ദർശകത്തിരക്ക്

1997ൽ മൺമറഞ്ഞ ഡയാനാ രാജകുമാരിയുടെ മെഴുകു പ്രതിമയാണ് മ്യൂസിയത്തിലെ ശ്രദ്ധാകേന്ദ്രം...

Author : ന്യൂസ് ഡെസ്ക്

പാരിസ്: ദി ഗ്രെവിൻ വാക്‌സ്‌വർക്ക് മ്യൂസിയത്തിലേക്കാണ് ഇപ്പോൾ ലോക ശ്രദ്ധ. 1997ൽ മൺമറഞ്ഞ ഡയാനാ രാജകുമാരിയുടെ മെഴുകു പ്രതിമയാണ് മ്യൂസിയത്തിലെ ശ്രദ്ധാകേന്ദ്രം. ജീവിതത്തിൽ രക്തച്ചൊരിച്ചില്‍ ഇല്ലാത്ത അനേകായിരം യുദ്ധങ്ങൾ താണ്ടിയ ഡയാനാ രാജകുമാരിയെ ഉയിരോടെ കൊണ്ടുവച്ച പോലെയാണ് പ്രതിമയുടെ രൂപം. റിവഞ്ച് ഡ്രെസിലെ ഡയാനയെ കാണാൻ സന്ദർശകരുടെ തിരക്കാണ് മ്യൂസിയത്തിൽ.

യൂറോപിലെ ഏറ്റവും പഴക്കമുള്ള ഗ്രെവിൻ മ്യൂസിയത്തിൽ ചാൾസ് മൂന്നാമന്റെയും ക്വീൻ എലിസബത്തിന്റെയുമൊക്കെ മെഴുക് പ്രതിമകൾ ഉണ്ടെങ്കിലും 1997ൽ മരണമടഞ്ഞ ഡയാനായുടെ മെഴുകു പ്രതിമ ഉണ്ടായിരുന്നില്ല. ശ്രദ്ധേയമായ ഒരു അസാന്നിധ്യമായിരുന്നു മ്യൂസിയത്തിൽ ഡയാന. അതിനാണിപ്പോൾ വിരാമമായിരിക്കുന്നത്.

ഇന്ദ്രനീലക്കണ്ണുകളും സ്വര്‍ണമുടിയും സൗമ്യമായ ചിരിയുമായി മനുഷ്യരെ വേർത്തിരിവുകൾക്കപ്പുറം ചേർത്തു നിർത്തുന്ന ചാൾസ് രാജകുടുംബത്തിലെ ആ കണ്ണി, മുന്നിൽ വന്ന് നിൽക്കും പോലെയാണ് മെഴുകുപ്രതിമ. ചാൾസുമായുള്ള വിവാഹബന്ധം തകർന്നതിനെക്കുറിച്ചുള്ള മാധ്യമ കോലാഹലങ്ങൾക്കിടയിൽ, 1994ൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ ഡയാന എത്തിയ അതേ രൂപത്തിലാണ് ശിൽപി ക്രിസ്റ്റീന സാംബോളിയൻ പ്രതിമ രൂപപ്പെടുത്തിയിരിക്കുന്നത്. അതൊരു റിവഞ്ച് ഡ്രസായി അന്ന് തന്നെ ലോകം വിലയിരുത്തി. ഡയാനയുടെ കഥയിലെ ഒരു വഴിത്തിരിവായിരുന്നു ആ കറുത്ത വസ്ത്രം.

പിന്നീട് ചുരുങ്ങിയ ജീവിതകാലയളവിൽ തന്നെ ലോകപ്രശസ്തി നേടിയ ഡയാന എന്നും മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. അശരണർക്കായി പ്രവർത്തിച്ചു. പിന്നീട് അവർ ലോകം മുഴുവനും അറിയപ്പെട്ടത് സാമൂഹിക സേവനങ്ങളുടെ പേരിലായിരുന്നു. അനാഥരായ കുഞ്ഞുങ്ങളെ സംരക്ഷിക്കാനും എയ്ഡ്സ് രോഗികളുടെ പുനരധിവാസവും മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും, അർബുദ രോഗികൾക്കുമായി അവർ സമയം ചിലവഴിച്ചു . സഹായങ്ങൾ നൽകി, സംരക്ഷിച്ചു.

വളരെ ചെറുപ്പത്തിൽ അവിചാരിതമായായിരുന്നു ഡയാനയുടെ വിയോഗം. 1997 ആഗസ്റ്റ് 31ന്, മുപ്പത്തിയാറാം വയസില്‍ പൊലിഞ്ഞുതീര്‍ന്ന ജീവിതം. നീണ്ട കാലത്തിന് ശേഷം മ്യൂസിയത്തിൽ ഡയാനയുടെ രൂപവും സ്ഥാനം പിടിച്ചെങ്കിലും മ്യൂസിയത്തിലെ ഏറ്റവും പുതിയ രാജകീയ അതിഥിയുടെ സ്ഥാനം അവരുടെ മുൻ ഭർത്താവിന്റെയും മുൻ ഭർതൃമാതാവിന്റെയും മെഴുകുരൂപങ്ങളിൽ നിന്ന് വളരെ അകലെയാണ്.

SCROLL FOR NEXT