ഡൂല Image:X / Zurita Carpio
WORLD

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം,കത്തിപ്പടർന്ന് കാമറൂണിലെ പ്രതിഷേധ തീ; നാലുപേർ വെടിയേറ്റ് മരിച്ചു

Author : ന്യൂസ് ഡെസ്ക്

ഡൂല: കാമറൂണിലെ ഡൂലയിൽ സുരക്ഷാ സേനയും കാമറൂൺ പ്രതിപക്ഷ കക്ഷി അനുകൂലികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 4 പേർ വെടിയേറ്റ് മരിച്ചു. പ്രസിഡന്റ് പോൾ ബിയയുടെ ഭരണത്തിന് ശക്തമായ വെല്ലുവിളിയുയർത്തിയ തെരഞ്ഞെടുപ്പിനെ തുടർന്നാണ് ഡൂലയിൽ പ്രതിപക്ഷ കക്ഷി അനുകൂലികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റമുട്ടലുണ്ടായത്.

ഫലപ്രഖ്യാപനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് സംഘർഷം രൂക്ഷമായത്. പ്രസിഡൻ്റിനെതിരെ വിജയം അവകാശപ്പെട്ട പ്രതിപക്ഷ നേതാവ് ഇസ്സ ചിറോമ 54.8 ശതമാനം വോട്ട് നേടി വിജയിച്ചതായുള്ള അവകാശ വാദം ഉന്നയിക്കുന്നതിനിടെയാണ് ഇയാളുടെ അനുകൂലികൾ പ്രതിഷേധങ്ങൾക്കായുള്ള വിലക്ക് ലംഘിച്ച് തെരുവിലിറങ്ങിയത്. തുടർന്ന് ഇവർ ഡൂലയിലെ രണ്ട് ജില്ലകളിലായി ഒരു ജെൻഡർമേരി ബ്രിഗേഡും പൊലീസ് സ്റ്റേഷനുകളും ആക്രമിച്ചതായും ഇതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്നും റീജിയണൽ ഗവർണർ അറിയിച്ചു.സുരക്ഷാ നേനയിലെ നിരവധി അംഗങ്ങൾക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.

ചിറോമയുടെ വടക്കൻ ശക്തികേന്ദ്രമായ ഗരോവയിലും സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു. പ്രതിഷേധങ്ങൾക്ക് പിന്നാലെ ഞായറാഴ്ച ഒരു വീഡിയോയിൽ സൈനിക ഉദ്യോഗസ്ഥർ തന്നെ കൊണ്ടുപോകാൻ ശ്രമിച്ചതായും ചിറോമ ആരോപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ഫലം കൂടി വരുന്നതോടെ രാജ്യം അതീവ സംഘർഷാവസ്ഥയിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം.

SCROLL FOR NEXT