ഇസ്രയേല്‍- ഇറാന്‍ സംഘർഷം അവസാനിപ്പിക്കുന്നതിനായുള്ള ഒരു കരാർ സാധ്യമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇറാനിലെ റഷ്യന്‍ നിർമിത ആണവകേന്ദ്രത്തിലെ തങ്ങളുടെ ഉദ്യോഗസ്ഥരുടെ സുരക്ഷയെക്കുറിച്ച് ഇസ്രയേൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും റഷ്യൻ പ്രസിഡന്റ് അറിയിച്ചു. ഇറാനിലെ ബുഷെഹറിലാണ് റഷ്യന്‍ നിർമിത ആണവനിലയം പ്രവർത്തിക്കുന്നത്. വിദേശ മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് പുടിന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ഇസ്രയേലിന്റെ സുരക്ഷയും ഇറാന്റെ സിവിലിയൻ ആണവ പദ്ധതിക്കുള്ള താല്‍പ്പര്യവും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന് കഴിയുമെന്ന് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണങ്ങൾ ഇറാനിയൻ സമൂഹത്തിന്റെ 'ഏകീകരണത്തിന്' കാരണമായെന്നും റഷ്യൻ പ്രസിഡന്റ് അവകാശപ്പെട്ടു. ഇസ്രയേലും യുഎസും ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ കൊല്ലാനുള്ള സാധ്യതയെക്കുറിച്ച് 'ചർച്ച ചെയ്യാൻ പോലും ആഗ്രഹിക്കുന്നില്ല' എന്നും പുടിന്‍ കൂട്ടിച്ചേർത്തു.
മൂന്ന് പതിറ്റാണ്ടുകളായി റഷ്യയും ഇറാനും ആണവ പദ്ധതിയിൽ സംയുക്തമായി പ്രവർത്തിക്കുന്ന രാജ്യങ്ങളാണ്. 2022ൽ യുക്രെയ്നിൽ സൈനിക നടപടി ആരംഭിച്ചതിനുശേഷമാണ് ഇറാനുമായുള്ള സൈനിക ബന്ധം റഷ്യ കൂടുതൽ ശക്തമാക്കിയത്. ജനുവരിയിൽ, ഇരുരാജ്യങ്ങളും തന്ത്രപരമായ ഒരു പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചിരുന്നു. ദക്ഷിണ ഇറാനില്‍ റഷ്യയുടെ സ്റ്റേറ്റ് ആറ്റോമിക് എനർജി കോർപ്പറേഷൻ, റോസാറ്റം, നിർമിച്ച ബുഷെഹറിലെ ആണവനിലയത്തില്‍ 200 ഓളം റഷ്യന്‍ ഉദ്യോഗസ്ഥരാണ് ജോലി ചെയ്യുന്നത്. ഇവരുടെ സുരക്ഷ ഇസ്രയേല്‍ നേതൃത്വം ഉറപ്പുനല്‍കിയതായാണ് പുടിന്‍ പറയുന്നത്. ഇറാന്റെ സിവിലിയൻ ആണവ പദ്ധതിയുമായി തുടർന്നും റഷ്യ സഹകരിക്കുമെന്ന് വ്യക്തമാക്കിയ പുടിന്‍ രാജ്യത്തിന്റെ ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ സൗകര്യങ്ങൾക്ക് കേടുപാടുകള്‍ ഉണ്ടായിട്ടില്ലെന്നും അറിയിച്ചു.
റഷ്യയ്ക്ക് ഡ്രോണുകളും ഹ്രസ്വ ദൂര മിസൈലുകളും ഇറാന്‍ നൽകുന്നതായി യുക്രെയ്നും സഖ്യകക്ഷികളും ആരോപിച്ചിരുന്നു. എന്നാല്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിനു ശേഷം ഇറാന്‍ സൈനിക സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് പുടിൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇസ്രയേലി ആക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ ഇറാന് ആധുനിക ആയുധങ്ങൾ നൽകാൻ റഷ്യ തയ്യാറാണോ എന്ന ചോദ്യത്തിന്, ജനുവരിയിൽ ഒപ്പുവച്ച തന്ത്രപരമായ പങ്കാളിത്ത ഉടമ്പടി സൈനിക സഹകരണം വിഭാവനം ചെയ്യുന്നില്ലെന്നായിരുന്നു പുടിന്റെ മറുപടി.