ഖത്തറിൽ നടന്ന ആക്രമണം 
WORLD

തിരിച്ചടി ഉടൻ? ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയുമായി ഖത്തർ

ഇസ്രയേലിന് ഏത് രീതിയിൽ തിരിച്ചടി നൽകണമെന്ന് ഉച്ചകോടിയിൽ ചർച്ചയാകും

Author : ന്യൂസ് ഡെസ്ക്

ഇസ്രയേലിന് ആക്രമണത്തിൽ മറുപടി നൽകാൻ അറബ് ഇസ്ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഇസ്രയേലിന് ഏത് രീതിയിൽ തിരിച്ചടി നൽകണമെന്ന് ഉച്ചകോടിയിൽ ചർച്ചയാകും. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ ആക്രമണം തുടരുമെന്ന് ഖത്തറിന് ഇസ്രയേൽ മുന്നറിയിപ്പിന് പിന്നാലെയാണ് ഖത്തർ തീരുമാനം. ഇസ്രേയേൽ ആക്രമത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖല അപകടത്തിലാണെന്നും കൂട്ടായ പ്രതികരണം ആവശ്യമാണെന്നും ഖത്തർ അറിയിച്ചിരുന്നു.

ഞായർ, തിങ്കൾ ദിവസങ്ങളിൽ ദോഹയിലായിരിക്കും അറബ് ഇസ്ലാമിക് നിർണായക ഉച്ചകോടി. പ്രാദേശിക തലത്തിൽ ഇസ്രയേലിന് തിരിച്ചടി നൽകണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇസ്രയേലിൻ്റെ ആക്രമണം ബന്ദിമോചനത്തിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. തങ്ങൾ വഞ്ചിതരായി, ആക്രമണത്തിൽ രാജ്യം എത്ര രോക്ഷത്തിലാണെന്ന് പറഞ്ഞറിയിക്കാൻ സാധിക്കില്ലെന്നും അഭിമുഖത്തിനിടെ പ്രധാനമന്ത്രി അറിയിച്ചു. അമേരിക്കയുമായുള്ള സുരക്ഷാ പങ്കാളിത്തത്തെക്കുറിച്ച് ആഴത്തിലുള്ള വിലയിരുത്തൽ ഉച്ചകോടിക്കിടെ ഖത്തർ നടത്തുമെന്നാണ് സൂചന.

ഖത്തറിനെതിരായ ആക്രമണത്തിൽ അന്താരാഷ്ട്ര തലത്തിലും അറബ് രാജ്യങ്ങളിൽ നിന്നും കടുത്ത വിമർശനം ഉയരുമ്പോഴും വീണ്ടും ആക്രമണം കടുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഇസ്രയേൽ. ഹമാസ് നേതാക്കളെ രാജ്യത്ത് നിന്ന് പുറത്താക്കിയില്ലെങ്കിൽ ഇനിയും ആക്രമണം ശക്തമാക്കും. ഭീകരവാദത്തിന് സംരക്ഷണം നൽകുന്ന രാജ്യങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഭീകരെ ഖത്തർ പുറത്താക്കുകയോ നിയമത്തിന് മുന്നിൽ കൊണ്ടുവരികയോ ചെയ്യണം. അല്ലാത്ത പക്ഷം ഇസ്രയേലിന് അത് ചെയ്യേണ്ടി വരുമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ താക്കീത്.

കഴിഞ്ഞ 72 മണിക്കൂറിനിടെ ആറ് രാജ്യങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഗാസ, യെമൻ, ലബനൻ, ടുണീഷ്യ, സിറിയ എന്നിവിടങ്ങളിൽ പലയിടത്തും ആക്രമണം തുടരുന്നുമുണ്ട്. യെമനിലെ സൻആ വിമാനത്താവളത്തിനും ഹൂതികളുടെ സൈനിക കേന്ദ്രങ്ങൾക്കും നേരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി.

ഇസ്രയേലിൽ നിലപാടിനെതിരെ കൂടുതൽ ലോക രാജ്യങ്ങളിൽ നിന്ന് പിന്തുണ തേടുകയാണ് ഖത്തർ. രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്തുള്ള ആക്രമണങ്ങളിൽ നിന്ന് ഇസ്രയേലിനെ ശാശ്വതമായി പരിഹാരം കാണുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള ആക്രമണത്തിൽ ഇസ്രയേലിനെതിരെ കടുത്ത നടപടി വേണമെന്നാണ് ഖത്തറിന്റെ ആവശ്യം. ഇസ്രയേലിന്റെ കടന്നുകയറ്റിന് പിന്നാലെ ഗൾഫ് മേഖല അപകടത്തിലാണെന്നും അറബ് രാജ്യങ്ങളിൽ നിന്ന് കൂട്ടായ പ്രതികരണം ഉണ്ടാകണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഹമാസ് നേതാക്കൾക്കായി ഓഫീസ് അനുവദിച്ചത് ഗാസ - ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചർച്ചകളുടെ ഭാഗമായാണെന്നും ഖത്തർ വിശദീകരിക്കുന്നു.

അതിനിടെ ഖത്തർ ആക്രമണത്തില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അതൃപ്തി അറിയിച്ചു. ആക്രമണത്തിന് ശേഷം ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇസ്രയേല്‍ നീക്കം ബുദ്ധിപരമായിരുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തിയത്

ആക്രമണ വിവരം നിമിഷങ്ങള്‍ക്ക് മുന്‍പ് മാത്രം അറിയിച്ചതിലും ട്രംപ് അതൃപ്തി അറിയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭിച്ച അവസരം ഉപയോഗിക്കുകയായിരുന്നു എന്ന് നെതന്യാഹു മറുപടിയും നൽകി. ആക്രമണത്തിന് തൊട്ടുപിന്നാലെ ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍റെ വിവരം വോൾസ്ട്രീറ്റ് ജേണലാണ് പുറത്തുവിട്ടത്. അതിനുശേഷം ഇരുവർക്കുമിടയില്‍ നടന്ന രണ്ടാമത്തെ ഫോണ്‍ സംഭാഷണം സൌഹൃദപരമായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്.

SCROLL FOR NEXT