ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ഖത്തറിന്‍റെ പ്രതിരോധ സംവിധാനം നിർവീര്യമാക്കുന്നു Source: News Malayalam 24X7 (sourced)
WORLD

ആക്രമണം ഖത്തറിനെതിരെയല്ലെന്ന് ഇറാന്‍, സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്ന് ഖത്തര്‍

ഇറാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നും ഖത്തറിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണിതെന്നും ഖത്തര്‍ വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

യുഎസ് വ്യോമത്താവളം ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ഖത്തര്‍. ഇറാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നും ഖത്തറിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണിതെന്നും ഖത്തര്‍ വ്യക്തമാക്കി. മിസൈലുകളെ വ്യോമ പ്രതിരോധം നിര്‍വീര്യമാക്കിയെന്നും സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അല്‍ ഉദൈദ് വ്യോമത്താവളം ലക്ഷ്യമാക്കിയാണ് ഇറാന്റെ ആക്രമണമുണ്ടായതെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സായുധ സേന ജാഗരൂകരാണെന്നും രാജ്യാതിര്‍ത്തിയും വ്യോമപാതയും സുരക്ഷിതമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. വ്യോമത്താവളത്തിലേക്ക് വന്ന മിസൈലുകള്‍ നിര്‍വീര്യമാക്കിയെന്നും ആര്‍ക്കും അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നും ഖത്തര്‍ അറിയിച്ചു.

അതേസമയം ഇറാഖിലും ഖത്തറിലും ആക്രമണം നടത്തിയതായി ഇറാന്‍ സ്ഥിരീകരിച്ചു. ആക്രമണം ഖത്തറിനെതിരായല്ലെന്ന് ഇറാന്‍ അറിയിച്ചു. വ്യോമത്താവളം ഖത്തറിലെ ആള്‍ത്താമസമില്ലാത്തിടത്താണെന്ന് ഇറാനിയന്‍ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു.

'ഈ ആക്രമണം ഏതെങ്കിലും ഒരു തരത്തില്‍ സഹോദര രാജ്യമായ ഖത്തറിനെതിരെയല്ല. ഖത്തറുമായുള്ള ചരിത്രപരവും ഊഷ്മളവുമായ ബന്ധം തുടരാന്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ എക്കാലവും താത്പര്യപ്പെടുന്നു,' കൗണ്‍സില്‍ പ്രസ്താവനയില്‍ അറിയിച്ചു.

പശ്ചിമേഷ്യയിലെ വ്യോമത്താവളങ്ങള്‍ അതീവ ജാഗ്രതയിലാണ്. ബഹ്‌റൈനിലും താത്കാലികമായി വ്യോമപാത അടച്ചിട്ടുണ്ട്. യുഎഇയിലും മുന്നറിയിപ്പുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് വ്യോമത്താവളമാണ് ഖത്തറിലേത്.

SCROLL FOR NEXT