ഇറാനെതിരായ സൈനിക നീക്കങ്ങള്‍ ചർച്ച ചെയ്യുന്ന ബെഞ്ചമിൻ നെതന്യാഹു  Source: X/ Prime Minister of Israel ( Avi Ohayon, GPO)
WORLD

സൈനിക ദൗത്യം മാത്രമല്ല 'റൈസിങ് ലയൺ'; സാൻ, സന്ദേഗി, ആസാദി കൊണ്ട് നെതന്യാഹു നൽകുന്ന സന്ദേശമെന്ത്?

ഇറാനിൽ ഇസ്രയേൽ നടത്താനിരിക്കുന്ന, ഒരുപക്ഷേ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'രാഷ്ട്രീയ' ഓപ്പറേഷൻ എന്തായിരിക്കും എന്ന ചോദ്യത്തിന്റെ ഉത്തരം തുറന്നുകിട്ടാൻ സഹായിക്കുന്ന താക്കോൽ വാക്കുകളായിരിക്കാം അവ

Author : അഗസ്റ്റ് സെബാസ്റ്റ്യന്‍

സാൻ,സന്ദേഗി, ആസാദി....ഇറാന്റെ ആണവകേന്ദ്രങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും മിസൈൽ സംവിധാനങ്ങൾക്കും നേരെ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ആദ്യം നടത്തിയ പ്രസംഗത്തിൽ പറഞ്ഞവാക്കുകളാണിത്. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്നാണ് ഈ പേർഷ്യൻ വാക്കുകളുടെ അർത്ഥം. എന്തുകൊണ്ട് നെതന്യാഹു ഈ വാക്കുകൾ ഉപയോഗിച്ചു? ഇറാനിൽ ഇസ്രയേൽ നടത്താനിരിക്കുന്ന, ഒരുപക്ഷേ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'രാഷ്ട്രീയ' ഓപ്പറേഷൻ എന്തായിരിക്കും എന്ന ചോദ്യത്തിന്റെ ഉത്തരം തുറന്നുകിട്ടാൻ സഹായിക്കുന്ന താക്കോൽ വാക്കുകളായിരിക്കാം അവ.

ഓപ്പറേഷൻ റൈസിങ് ലയൺ തുടങ്ങിയ ശേഷം ബെഞ്ചമിന്‍ നെതന്യാഹു ആദ്യം അഭിസംബോധന ചെയ്തത് ഇറാനിയൻ ജനതയെയാണ്. "ഇറാനിലെ ബഹുമാന്യരായ ജനങ്ങളേ, ഈ രാത്രി നിങ്ങളോട് ഒരു കാര്യം പറയാൻ ഞാനാഗ്രഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നെതന്യാഹു പ്രസംഗം ആരംഭിച്ചത്. അര നൂറ്റാണ്ടുകാലമായി നിങ്ങളെ അടിച്ചമർത്തുന്ന ഇറാനിലെ ഇസ്ലാമിക ഭരണകൂടം എന്റെ രാജ്യമായ ഇസ്രയേലിനെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഈ ആക്രമണത്തിന്റെ ലക്ഷ്യം ആ ഭീഷണിയെ ഒഴിവാക്കലാണ്. ആ ലക്ഷ്യം കൈവരിക്കുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യമായ സ്വാതന്ത്ര്യത്തിലേക്കുള്ള പാതയും തുറക്കപ്പെടും..."ഇങ്ങനെ പോയി നെതന്യാഹുവിന്റെ വാക്കുകൾ.

ഇനി സാൻ, സന്ദേഗി, ആസാദിയിലേക്ക് വരാം. 2022ൽ മഹ്സാ അമീനിയെന്ന 22കാരി ഹിജാബ് ശരിയായി ധരിച്ചില്ലെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് ഇറാനിയൻ മതകാര്യ പൊലീസിന്റെ കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഉയർന്നു വന്ന സ്ത്രീ പ്രക്ഷോഭത്തിലിരമ്പിക്കേട്ട മുദ്രാവാക്യമായിരുന്നു സാൻ, സന്ദേഗി, ആസാദി എന്നത്. ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളുടെയെല്ലാം മുദ്രാവാക്യം തന്നെയായി ഇത് പിന്നീട് മാറി. എന്തുകൊണ്ട് ഈ മുദ്രവാക്യം നെതന്യാഹു തന്റെ പ്രസംഗത്തിൽ ഉപയോഗിച്ചു? ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് വരാൻ നമുക്ക് വീണ്ടും ഈ ജൂൺ 13 ലാരംഭിച്ച ഓപ്പറേഷൻ റൈസിങ് ലയിണിലേക്ക് തിരികെ പോകേണ്ടിവരും.

ആണവമായി നിരായുധീകരിക്കുന്ന ആക്രമണം കൊണ്ട് മാത്രം ഇറാനിൽ നിന്നുള്ള ഭീഷണി ഇല്ലാതാക്കാൻ ഇസ്രയേലിന് കഴിയുമോ? ഇല്ല എന്നാണ് ചരിത്രം തെളിയിക്കുന്നത്. ഇറാന്റെ ആണവായുധ നിർമാണ പദ്ധതിയെ തടയാൻ പലഘട്ടങ്ങളിലായി കഴിഞ്ഞിട്ടുണ്ടെങ്കിലും അത് എക്കാലവും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരുകയാണ് ഉണ്ടായത്. അങ്ങനെയാണ് അന്താരാഷ്ട്ര സമ്മർദങ്ങളെ അതിജീവിച്ച് ഇറാൻ, ആണവായുധമെന്ന ലക്ഷ്യപ്രാപ്തിയിലേക്ക് ദിവസങ്ങൾ മാത്രം അകലെ എത്തുകയും ചെയ്തത്.

പൂർണമായും രാഷ്ട്രീയമായൊരു പരിഹാരമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മനസിലുള്ളതെന്ന് വ്യക്തം. ഇറാനിൽ ഭരണമാറ്റം വരിക എന്നതാണ് ആ പരിഹാരം.

ഇറാന്റെ ആണവായുധ കേന്ദ്രങ്ങളെ ഇല്ലാതാക്കാനും ഇറാനിൽ നിന്നുള്ള ഭീഷണി സൈനികമായി അവസാനിപ്പിക്കാനും എളുപ്പമല്ല എന്ന് മനസിലാക്കാതെയാണ് വാർഫെയർ തന്ത്രങ്ങളിൽ അഗ്രഗണ്യരായ ഇസ്രയേൽ ഇറാനെ ഒതുക്കാനിറങ്ങിയതെന്ന് ഒരിക്കലും കരുതാനാവില്ല. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം എന്നേന്നേയ്ക്കുമായി അതിനൊരു പരിഹാരം വേണം. ആ പരിഹാരം സൈനികമായാൽ അത് നിലനിൽപ്പുമില്ല. പൂർണമായും രാഷ്ട്രീയമായൊരു പരിഹാരമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മനസിലുള്ളതെന്ന് വ്യക്തം. ഇറാനിൽ ഭരണമാറ്റം വരിക എന്നതാണ് ആ പരിഹാരം. സിറിയയിൽ നിന്ന് ഇസ്രയേലിനുള്ള ഭീഷണി അങ്ങനെയാണ് പരിഹരിക്കപ്പട്ടത് എന്നോർക്കണം. ഇറാന്റെ നേതൃത്വത്തിലുള്ള 'ആക്സിസ് ഓഫ് റെസിസ്റ്റൻസ്' എന്ന ഇസ്രയേൽ വിരുദ്ധ സൈനിക സഖ്യത്തിലെ അംഗമായിരുന്നു ബഷാർ അൽ അസദിന്റെ സിറിയയെങ്കിൽ ഇന്ന് അഹ്മദ് അൽ ഷരായുടെ നേതൃത്വത്തിലുള്ള സിറിയ യുഎസുമായടക്കം സന്ധിയിലാണെന്നോർക്കണം. ഇസ്രയേലുമായെന്നല്ല ആരുമായും ശത്രുതയ്ക്കില്ല എന്നാണ് ഷരാ പ്രഖ്യാപിച്ചതും.

പേർഷ്യൻ രാജാവ് മഹാനായ സൈറസിന്റെ കാലം മുതൽ ഇറാനും ഇസ്രയേലും സുഹൃത്തുക്കളാണ് എന്ന പരാമർശവും നെതന്യാഹുവിന്റെ പുതിയ പ്രസംഗത്തിലുണ്ട്.

2023 ഒക്ടോബർ 7 ൽ ഹമാസും മറ്റ് ജിഹാദിസ്റ്റ് സംഘടനകളും ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന് ശേഷം രൂപപ്പെട്ട സംഘർഷത്തിന് പിന്നാലെയാണ് ഒരിക്കൽ കൂടി ഇറാനുമായി ഇസ്രയേൽ നേർക്കുനേർ വന്നത്. ഇറാന്റെ നേതൃത്വത്തിലുള്ള 'ആക്സിസ് ഓഫ് റെസിസ്റ്റൻസ്' എന്ന സൈനിക സഖ്യത്തിലുള്ള ഹിസ്ബുള്ളയും ഹൂതികളും ഒക്കെ നടത്തിയത് ഇറാനുവേണ്ടിയുള്ള പ്രോക്സി യുദ്ധമായിരുന്നു. 2024ൽ, ചരിത്രത്തിൽ ആദ്യമായി ഇറാന്റെ മണ്ണിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈലുകൾ പറന്നതും ഓർക്കണം. ഈ സംഘർഷകാലത്ത് ഇറാന് മുന്നറിയിപ്പു നൽകി സംസാരിക്കുമ്പോഴൊക്കെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാനിലെ ജനതയെ അഭിസംബോധന ചെയ്തിരുന്നു. "മഹത്തായ ഇറാനിയൻ ജനമേ നിങ്ങൾക്കെതിരെയല്ല ഞങ്ങളുടെ യുദ്ധം" എന്ന വാചകം നെതന്യാഹു പലവട്ടം ആവർത്തിച്ചിരുന്നു. ഇറാൻ ജനതയും ഇസ്രയേൽ ജനതയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് നെതന്യാഹു പലവട്ടം എടുത്തു പറഞ്ഞിട്ടുമുണ്ട്. ഇത്തവണയും നെതന്യാഹു അതാവർത്തിച്ചു. പേർഷ്യൻ രാജാവ് മഹാനായ സൈറസിന്റെ കാലം മുതൽ ഇറാനും ഇസ്രയേലും സുഹൃത്തുക്കളാണ് എന്ന പരാമർശവും നെതന്യാഹുവിന്റെ പുതിയ പ്രസംഗത്തിലുണ്ട്.

1979ന് മുൻപുള്ള ഇറാനെക്കൂടി പരിഗണിക്കുമ്പോഴാണ് ഇസ്രയേലിന്റെ രാഷ്ട്രീയ പദ്ധതിയുടെ സാധ്യതയുടെ ചിത്രം വ്യക്തമാവുക. ടർക്കിക്ക് പിന്നാലെ ഇസ്രയേലിന്റെ രാഷ്ട്രപദവിയെ അംഗീകരിച്ച രണ്ടാമത്തെ മുസ്ലീം ഭൂരിപക്ഷരാജ്യമായിരുന്നു ഇറാൻ. ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തികവും വ്യാപാരപരവും സൈനികവുമായ സഹകരണം ഉണ്ടായിരുന്നു. ഇറാന്റെ സൈനിക വിഭാഗമായ സവാകിന് ഇസ്രയേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് പരിശീലനം പോലും നൽകിയിരുന്നു. 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം എല്ലാം മാറി. "യുഎസിന് മരണം, ഇസ്രയേലിന് മരണം" എന്ന മുദ്രാവാക്യം പാർലമെന്‍റിൽ ഉയരുന്ന രാജ്യമായി ഇറാൻ മാറി.

SCROLL FOR NEXT