ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്ച ഇന്ന് Source: X/ Russian Market
WORLD

റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ: നിർണായക ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്ച ഇന്ന്

യുക്രെയ്നിലെ സ്ഥലങ്ങൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തേക്കും.

Author : ന്യൂസ് ഡെസ്ക്

റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെയും യുക്രെയ്ൻ പ്രസിഡൻ്റ് സെലൻസ്കിയുടെയും നിർണായക കൂടിക്കാഴ്ച ഇന്ന് വൈറ്റ് ഹൗസിൽ വച്ച് നടക്കും. യുക്രെയ്നിലെ സ്ഥലങ്ങൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തേക്കും. അതേസമയം ചർച്ചയിലേക്ക് യൂറോപ്യൻ നേതാക്കൾക്കും ക്ഷണമുണ്ട്.

യുക്രെയ്ന് പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് യൂറോപ്യൻ യൂണിയനിലെ നേതാക്കളും വൈറ്റ് ഹൗസിൽ വച്ച് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നത്. യൂറോപ്യൻ യൂണിയന്റെ ശക്തമായ പിന്തുണ സെലൻസ്കിക്കുണ്ടെന്ന സന്ദേശം കൂടി പകരുന്നതാണ് നേതാക്കളുടെ സാന്നിധ്യം. സമാധാന ചർച്ചകൾക്ക് മുൻപ് വെടിനിർത്തൽ വേണമെന്നാണ് സെലൻസ്കിയുടെ നിലപാട്. യൂറോപ്യൻ യൂണിയൻ അംഗത്വം നേടാൻ ബ്രസൽസ് യുക്രെയ്നെ പിന്തുണയ്ക്കുന്നുവെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡണ്ട് ഉർസുല വോൺ ഡെർ ലെയ്ൻ അറിയിച്ചിട്ടുണ്ട്.

ഇന്ന് നടക്കുന്ന ചർച്ചയിൽ ഡൊണാൾഡ് ട്രംപ് യുക്രെയ്നിലെ സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഉന്നയിക്കാനാണ് സാധ്യത. ഡോണെറ്റ്സ്ക് മേഖല വിട്ടുനൽകിയാൽ യുക്രെയ്നിലെ മറ്റ് സ്ഥലങ്ങൾക്കു വേണ്ടിയുള്ള അവകാശവാദത്തിൽ ഇളവു ചെയ്യാമെന്ന് പുടിൻ ട്രംപിനെ അറിയിച്ചതായാണ് വിവരം. റഷ്യ വൻ ശക്തിയാണെന്നും അതിനാൽ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി കരാറിലെത്തണമെന്നുമാണ് ട്രംപിൻ്റെ നിലപാട്. റഷ്യ പിടിച്ചെടുത്ത സ്ഥലങ്ങളെ കൂടാതെ ഭാഗങ്ങൾ സമർപ്പിച്ച് യുക്രെയ്ൻ പിൻവാങ്ങണമെന്ന ആവശ്യം ട്രംപ് ശക്തമാക്കിയേക്കും. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് സെലൻസ്കി ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

യൂറോപ്യൻ യൂണിയൻ, നാറ്റോ നേതാക്കളുമായും ട്രംപ് ചർച്ച നടത്തി. യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ ട്രംപ്-സെലൻസ്കി കൂടിക്കാഴ്ചയിൽ പങ്കെടുക്കും. ജർമൻ ചാൻസലർ ഫ്രെഡറിക് മെർസും വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നുണ്ട്. യുക്രെയ്നിലെ സമാധാന ശ്രമങ്ങളുടെ നിലവിലെ സ്ഥിതിഗതികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റുള്ളവരുമായി ചർച്ച ചെയ്യുമെന്ന് മെർസിന്റെ ഓഫീസ് അറിയിച്ചു. എത്രയും വേഗം ഒരു സമാധാനക്കരാറിൽ എത്തിച്ചേരണമെന്ന ജർമനിയുടെ താൽപ്പര്യം അറിയിക്കുമെന്നും അവർ വ്യക്തമാക്കി.

ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്നും ചർച്ചകളിൽ പങ്കെടുക്കും. ഫിൻലൻഡ് പ്രസിഡൻ്റ് അലക്സാണ്ടർ സ്റ്റബും വാഷിങ്ടൺ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

SCROLL FOR NEXT