നരേന്ദ്ര മോദി, വ്ലാഡിമർ പുടിൻ Source: Wikkimedia
WORLD

യുഎസ് വിപണിയിൽ വെല്ലുവിളി നേരിടുന്നെങ്കിൽ ഇന്ത്യൻ ഉത്പന്നങ്ങളെ റഷ്യയിലേക്ക് സ്വാഗതം ചെയ്യുന്നു: റഷ്യൻ നയതന്ത്രജ്ഞൻ

റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നതിൽ യുഎസ് ഇന്ത്യയ്ക്കുമേൽ ചെലുത്തുന്ന സമ്മർദം ന്യായീകരിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ ഉത്പന്നങ്ങൾ റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് സ്വാഗതം ചെയ്ത് മുതിർന്ന റഷ്യൻ നയതന്ത്രജ്ഞൻ. യുഎസ് മാർക്കറ്റിൽ തിരിച്ചടി നേരിടുന്നുണ്ടെങ്കിൽ, ഇന്ത്യൻ ഉത്പന്നങ്ങൾ റഷ്യയിലേക്ക് കയറ്റി അയക്കാമെന്നാണ് റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്കിൻ്റെ പ്രസ്താവന. റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നതിൽ യുഎസ് ഇന്ത്യയ്ക്കുമേൽ ചെലുത്തുന്ന സമ്മർദം ന്യായീകരിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രഖ്യാപനത്തെ പരാമർശിച്ചുകൊണ്ടായിരുന്നു റോമൻ ബാബുഷ്കിൻ്റെ പ്രസ്താവന. ഓഗസ്റ്റ് 27 മുതൽ അധിക തീരുവ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. "ഇന്ത്യൻ ഉൽപ്പന്നങ്ങൾ യുഎസ് വിപണിയിൽ തിരിച്ചടി നേരിടുന്നുണ്ടെങ്കിൽ, റഷ്യൻ വിപണി ഇന്ത്യൻ കയറ്റുമതിയെ സ്വാഗതം ചെയ്യുന്നു," ദേശീയ തലസ്ഥാനത്ത് നടന്ന ഒരു പത്രസമ്മേളനത്തിൽ റോമൻ ബാബുഷ്കിൻ പറഞ്ഞു.

യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ ഒരു നീക്കവും നടത്തിയില്ലെങ്കിൽ റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തുമെന്നും, റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ അധിക തീരവ ചുമത്തുമെന്നുമായിരുന്നു അമേരിക്കയുടെ ഭീഷണി. റഷ്യയുടെ എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങൾ ചൈനയും ഇന്ത്യയുമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു വെല്ലുവിളി നിറഞ്ഞ സാഹചര്യമാണെന്ന് റോമൻ ബാബുഷ്കിൻ പറയുന്നു. എന്നാൽ ഇന്ത്യയുമായുള്ള ബന്ധത്തിൽ റഷ്യക്ക് വിശ്വാസമുണ്ടെന്നും റഷ്യൻ നയതന്ത്രജ്ഞൻ കൂട്ടിച്ചേർത്തു.

അതേസമയം ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്താനിടയില്ലെന്ന സൂചന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നൽകിയിരുന്നു. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തിയേക്കില്ലെന്നായിരുന്നു ട്രംപ് നൽകിയ സൂചന. " യുഎസ് അധിക തീരുവ ചുമത്തിയതിന് പിന്നാലെ റഷ്യക്ക് ഇന്ത്യയെന്ന ഉപയോക്താവിനെ നഷ്ടമായി. റഷ്യൻ എണ്ണയുടെ 40 ശതമാനം വാങ്ങിയിരുന്നത് ഇന്ത്യയാണ്. ചൈനയെക്കുറിച്ച് പറയാനാണെങ്കിൽ അവർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. റഷ്യയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ, യുഎസ് ഇനിയുമൊരു അധിക തീരുവ ചുമത്തുന്നത് വലിയ നഷ്ടമുണ്ടാക്കിയേക്കും. അങ്ങനെ ചെയ്തേ പറ്റൂ എന്നാണെങ്കിൽ, ഞാനത് ചെയ്യും. ചിലപ്പോൾ ചെയ്യില്ല," ട്രംപ് പറഞ്ഞു.

SCROLL FOR NEXT