കീവ്: യുക്രെയ്നിലുടനീളം പുലർച്ചെ റഷ്യന്‍ സൈന്യത്തിന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെടുകയും 17ഓളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. തലസ്ഥാന നഗരമായ കീവിലെ സർക്കാർ കെട്ടിടത്തിനും മിസൈല്‍ ആക്രമണത്തില്‍ തീപിടിച്ചു.
കീവിലെ നിരവധി ബഹുനില കെട്ടിടങ്ങൾക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചു. ഉയർന്ന നിലകളില്‍ തീയണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിശമന സേനാംഗങ്ങളുടെ ഫോട്ടോകൾ ടെലിഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തില്‍ കുറഞ്ഞത് രണ്ട് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സർവീസ് സ്ഥിരീകരിച്ചു.
കീവിലെ സർക്കാർ ആസ്ഥാനമായ യുക്രെയ്ന്‍ മന്ത്രിസഭാ മന്ദിരത്തിനും റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി പ്രധാനമന്ത്രി യൂലിയ സ്വൈരിഡെങ്കോ ടെലഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തകർ തീ അണയ്ക്കാനുള്ള ശ്രമത്തിലാണെന്നും ഇവർ കൂട്ടിച്ചേർത്തു. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് പുക ഉയരുന്നതായിട്ടാണ് എഎഫ്പി റിപ്പോർട്ട്.
രാവിലെ ആറ് മണിക്ക് യുക്രെയ്ന്‍ അധികൃതർ ജനങ്ങള്‍ക്ക് വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിനിപ്രോപെട്രോവ്സ്കിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ 54 വയസ്സുള്ള ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. വടക്കുകിഴക്കൻ സുമി മേഖലയിൽ ശനിയാഴ്ച വൈകി നടന്ന മറ്റൊരു ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക അധികാരികൾ അറിയിച്ചു.
റഷ്യ-യുക്രെയ്ന്‍ സംഘർഷം അവസാനിപ്പിക്കാനായി യൂറോപ്യന്‍ രാജ്യങ്ങളുടെയും യുഎസിന്റെയും നേതൃത്വത്തില്‍ സമാധാനശ്രമങ്ങള്‍ പുരോഗമിക്കുമ്പോഴാണ് പുതിയ ആക്രമണ പരമ്പര. ഭാവിയിൽ റഷ്യ വീണ്ടും അധിനിവേശം നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ പാശ്ചാത്യ സൈനിക ശക്തികളില്‍ നിന്ന് സുരക്ഷാ ഗ്യാരന്റിയാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിർ സെലന്‍സ്കി ആവശ്യപ്പെടുന്നത്. എന്നാല്‍, യുക്രെയ്നില്‍ ഏതെങ്കിലും തരത്തില്‍ പാശ്ചാത്യ സൈനികരെ വിന്യസിക്കുന്നത് തങ്ങള്‍ക്ക് അസ്വീകാര്യമാണെന്നാണ് റഷ്യയുടെ നിലപാട്.