മോസ്കോ: കാർ ബോംബ് സ്ഫോടനത്തില്‍ റഷ്യന്‍ സൈനിക ജനറല്‍ കൊല്ലപ്പെട്ടു. ലെഫ്. ജനറൽ ഫാനിൽ സർവറോവാണ് കൊല്ലപ്പെട്ടത്. റഷ്യൻ ആർമി ഓപ്പറേഷൻ ട്രെയിനിങ് ഡയറക്ടറേറ്റിൻ്റെ തലവനായിരുന്നു ലെഫ്റ്റനൻ്റ് ജനറൽ ഫാനിൽ സർവാറോവ്. കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചതായി ഷ്യയുടെ അന്വേഷണ സമിതിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നിൽ യുക്രെയ്ൻ ആണോ എന്നതും അന്വേഷണപരിധിയിൽ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
1969 മാർച്ച് 11 ന് , റഷ്യയിലെ പെർം മേഖലയിലെ ഗ്രെമ്യചിൻസ്‌കിലാണ് സർവാറോവ് ജനിച്ചത്. സൈനിക ജീവിതത്തിലുടനീളം അദ്ദേഹം മുതിർന്ന കമാൻഡ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. 2015-16 കാലയളവിൽ, സിറിയയിൽ സൈനിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും അദ്ദേഹം പങ്കാളിയായിരുന്നു. 2016-ൽ അദ്ദേഹത്തെ ജനറൽ സ്റ്റാഫിന്റെ പ്രവർത്തന പരിശീലന ഡയറക്ടറേറ്റിൻ്റെ തലവനായി നിയമിക്കുകയും ചെയ്തിരുന്നു.
2022 ഫെബ്രുവരിയിൽ മോസ്കോ യുക്രെയിനിലേക്ക് സൈന്യത്തെ അയച്ചതിനുശേഷം, റഷ്യയിലും റഷ്യൻ നിയന്ത്രിത യുക്രെനിയൻ പ്രദേശങ്ങളിലും റഷ്യൻ സൈനിക ഉദ്യോഗസ്ഥരെയും ക്രെംലിൻ അനുകൂല വ്യക്തികളെയും ലക്ഷ്യമിട്ടുള്ള നിരവധി ആക്രമണങ്ങൾക്ക് യുക്രെയ്ൻ ഉത്തരവാദിയാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.
ഏപ്രിലിൽ മോസ്കോയ്ക്ക് സമീപം ഒരു കാർ സ്ഫോടനത്തിൽ ജനറൽ സ്റ്റാഫിൻ്റെ ഡെപ്യൂട്ടി ജനറൽ യാരോസ്ലാവ് മോസ്കലിക് കൊല്ലപ്പെട്ടിരുന്നു. 2024 ഡിസംബറിൽ, റഷ്യൻ റേഡിയോളജിക്കൽ, കെമിക്കൽ, ബയോളജിക്കൽ ഡിഫൻസ് ഫോഴ്‌സുകളുടെ തലവനായ ഇഗോർ കിറിലോവ്, മോസ്കോയിൽ ഒരു ബൂബി-ട്രാപ്പ്ഡ് ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് മരിച്ചിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ നിരവധി അന്വേഷണങ്ങൾ നടത്തുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടത് കുറ്റകൃത്യം യുക്രെയ്ൻ ആസൂത്രണം ചെയ്തതാണോ എന്നത് ആണെന്ന് അന്വേഷണ സമിതി വക്താവ് സ്വെറ്റ്‌ലാന പെട്രെങ്കോ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.