WORLD

റിയാദിന് നേരെയുള്ള ഹൂതി മിസൈല്‍ ആക്രമം സൗദി തകര്‍ത്തു

അതിർത്തി മേഖലകളിലും ഹൂതി ആക്രമണങ്ങൾ

Author : ന്യൂസ് ഡെസ്ക്

റിയാദ് : യെമനിലെ ഹൂതികള്‍ റിയാദിന് നേരെ നടത്തിയ മിസൈല്‍ ആക്രമണം തകര്‍ത്തതായി സൗദി സഖ്യസേന. ഇറാനുമായി ബന്ധമുള്ള ഹൂതി സംഘം ആക്രമണങ്ങള്‍ ശക്തമാക്കുന്നതിനിടെ സൗദി തലസ്ഥാനമായ റിയാദില്‍ ശക്തമായ സ്‌ഫോടനശബ്ദം കേട്ടിരുന്നു.

പ്രാഥമിക പരിശോധനയില്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും സഖ്യസേന വ്യക്തമാക്കി. നാശനഷ്ടങ്ങളുടെ വ്യാപ്തി സംബന്ധിച്ച പരിശോധന തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

യെമന്‍ തലസ്ഥാനമായ സനായില്‍ വ്യാഴാഴ്ച പുലര്‍ച്ചെ സൗദി വ്യോമാക്രമണം നടത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഏജന്‍സി പുറത്തുവിട്ടിട്ടില്ല.

യെമന്റെ അതിര്‍ത്തി പ്രദേശത്ത് ഹൂതികള്‍ വിക്ഷേപിച്ച ക്രൂസ് മിസൈല്‍ തടഞ്ഞതായും സൗദി സഖ്യസേന അറിയിച്ചു. സംഭവത്തില്‍ സൗദി അധികൃതരുടെയോ ഹൂതികളുടെയോ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

റിയാദില്‍ ആക്രമണ സാധ്യതയുണ്ടെന്ന് സൗദി സിവില്‍ ഡിഫന്‍സ് ഏജന്‍സി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. പിന്നീട് ആക്രമണ ഭീഷണി ഒഴിഞ്ഞതായും ഏജന്‍സി അറിയിച്ചിരുന്നു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പറുമായി റിയാദില്‍ കൂടിക്കാഴ്ച നടത്തിയതായി സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്പിഎ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് സ്‌ഫോടന ശബ്ദം ഉയര്‍ന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൈനിക ബന്ധങ്ങളും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.

SCROLL FOR NEXT