ഗാസ Source: x/ @gazanotice
WORLD

ഗാസയിൽ പോഷകാഹാരക്കുറവ് മൂലം ഏഴ് പേർ കൂടി മരിച്ചു; 24 മണിക്കൂറിനുള്ളിൽ മരിച്ചത് 104 പേരെന്ന് റിപ്പോർട്ട്

ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ്റെ (ജിഎച്ച്എഫ്) സഹായ വിതരണ കേന്ദ്രത്തിന് സമീപം ആറ് പലസ്തീനികൾ കൊല്ലപ്പെട്ടതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.

Author : ന്യൂസ് ഡെസ്ക്

ഗാസ സിറ്റി: ഗാസയിൽ പോഷകാഹാരക്കുറവ് മൂലം മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ഇന്ന് ഏഴ് പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. കൂടാതെ 24 മണിക്കൂറിനുള്ളിൽ 104 പേർ മരിച്ചതായും ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ്റെ (ജിഎച്ച്എഫ്) സഹായ വിതരണ കേന്ദ്രത്തിന് സമീപം ആറ് പലസ്തീനികൾ കൊല്ലപ്പെട്ടതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. ബിബിസി ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളെ ഗാസയിലേക്ക് അയയ്ക്കാൻ ഇസ്രയേൽ അനുവദിക്കാത്തതിനാൽ, അന്താരാഷ്ട്ര വാർത്താ ഏജൻസികൾ ഗാസയിലെ പ്രാദേശിക റിപ്പോർട്ടർമാരെയാണ് ആശ്രയിക്കുന്നതെന്നും ബിബിസി അറിയിക്കുന്നു.

ഗാസ പട്ടിണിയിലെന്ന് സമ്മതിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും പ്രതികരിച്ചിരുന്നു. ഗാസയിലെ കുട്ടികളെ കണ്ടാൽ തന്നെ അവിടെ പട്ടിണി ഉണ്ടെന്ന് മനസിലാകുമെന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. സയില്‍ കൂടുതല്‍ ഭക്ഷ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും, മറ്റുരാജ്യങ്ങളുമായി സഹകരിച്ച് മാനുഷിക സഹായം ഉറപ്പാക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു.

അതേസമയം, ഗാസയില്‍ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ സമാധാന ശ്രമങ്ങള്‍ക്ക് ഇസ്രയേല്‍ തയ്യാറാകുന്നില്ലെങ്കില്‍ പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് യുകെ പ്രധാനമന്ത്രി കെയ്‌ര്‍ സ്റ്റാര്‍മർ അറിയിച്ചിരുന്നു. ഗാസയിലെ ഭയാനക സാഹചര്യം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടി ഇസ്രയേല്‍ സ്വീകരിക്കണമെന്നും സ്റ്റാര്‍മർ ആവശ്യപ്പെട്ടിരുന്നു.

വെടിനിര്‍ത്തലിന് സമ്മതിക്കുക, ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സാധ്യമാകുന്ന ദീര്‍ഘകാല സുസ്ഥിര സമാധാനത്തിന് പ്രതിജ്ഞാബദ്ധരാകുക, സഹായ വിതരണം പുനരാരംഭിക്കാന്‍ ഐക്യരാഷ്ട്ര സഭയെ അനുവദിക്കുക എന്നിങ്ങനെ ആവശ്യങ്ങളാണ് യുകെ മുന്നോട്ടുവയ്ക്കുന്നത്.

സമാധാനശ്രമങ്ങള്‍ക്ക് ഇസ്രയേല്‍ തയ്യാറാകുന്നില്ലെങ്കില്‍ സെപ്റ്റംബറിലെ യുഎന്‍ പൊതു സഭയില്‍ പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതിനുള്ള നടപടികള്‍ യുകെ സ്വീകരിക്കുമെന്നാണ് സ്റ്റാര്‍മറുടെ പ്രതികരണം.

SCROLL FOR NEXT