തെക്കുകിഴക്കന്‍ ഏഷ്യയിലെ ദ്വീപുരാഷ്ട്രമായ ഫിലിപ്പീന്‍സിലെ ക്രിസ്തുമസ് കാഴ്ചകള്‍ അത്രയേറെ മനോഹരമാണ്. തലസ്ഥാനമായ മനിലയില്‍ തെരുവോരങ്ങളെല്ലാം വിളക്കുകള്‍കൊണ്ട് വര്‍ണാഭമാക്കിയിരിക്കുകയാണ്. മാസങ്ങള്‍ നീണ്ട ആഘോഷ പരിപാടികളാണ് ഫിലിപ്പീന്‍സിലെ ക്രിസ്മസിന്റെ പ്രത്യേകത.
ആകാശംമുട്ടെയുള്ള കൂറ്റന്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ക്രിസ്മസ് ആഘോഷരാവുകളുടെ വരവ് അറിയിച്ചുകഴിഞ്ഞു. ഫിലിപ്പീന്‍സിന്റെ ക്രിസ്മസ് സീസണ്‍ സജീവമായിരിക്കുന്നു. 80% ഫിലിപ്പിനോകളും കത്തോലിക്കാ വിശ്വാസം പിന്തുടരുന്നതിനാല്‍, ക്രിസ്മസ് രാജ്യത്തെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ആഘോഷങ്ങളില്‍ ഒന്നാണ്.
താഴെ പടര്‍ന്ന് പന്തലിച്ചു കിടക്കുന്ന മരങ്ങളിലെ ചില്ലകള്‍ ഓരോന്നും സുന്ദര കാഴ്ചയാണ് സമ്മാനിക്കുന്നത്. ഫോട്ടോയെടുത്തും കാഴ്ചകള്‍ കണ്ടും ഫിലിപ്പീന്‍സുകാര്‍ ക്രിസ്മസ് തിരക്കുകളിലേക്ക് കടന്നു.
മാളുകളും പൊതു ഇടങ്ങളും സജീവമായി. ഫിലിപ്പിനോക്കാരുടെ ക്രിസ്മസ് ആഘോഷം അതിന്റെ ദൈര്‍ഘ്യത്തിന്റെ പേരിലാണ് ലോകപ്രശസ്തം. സെപ്റ്റംബരില്‍ തന്നെ ആരംഭിക്കുന്നതാണ് ഇവിടുത്തുകാരുടെ ക്രിസ്മസ് ഒരുക്കുങ്ങള്‍. റേഡിയോയിലും പാര്‍ക്കുകളിലും ക്രിസ്മസ് സംഗീതം കേള്‍ക്കാന്‍ തുടങ്ങും. വീടുകള്‍ തിളക്കമാര്‍ന്ന നിറങ്ങളിലുള്ള വിളക്കുകള്‍ കൊണ്ട് അലങ്കരിക്കും.
ഡിസംബറോടെ മതപരമായ ശുശ്രൂഷകള്‍, കുടുംബങ്ങളുടെ ഒത്തുചേരലുകള്‍, വിരുന്നുകള്‍ എന്നിവയാണ് നടക്കുക. ക്രിസ്മസിനോട് അടുക്കുന്ന ദിവസങ്ങളില്‍ ആഘോഷങ്ങള്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തും.