കാന്‍ബെറ: ഓസ്‌ട്രേലിയയിലെ വൈറല്‍ താരമായ നീല്‍ എന്ന് പേരുള്ള സീല്‍, നാട്ടിലെ കറക്കം അവസാനിപ്പിച്ച് കടലിലേക്ക് മടങ്ങി. ദക്ഷിണ ടാസ്മാനിയയിലെ തീരനഗരമായ സെവന്‍ മൈല്‍ ബീച്ചിലെ പതിവ് സന്ദര്‍ശകനായിരുന്നു ഈ എലിഫന്റ് സീല്‍. സമൂഹമാധ്യമങ്ങളില്‍ മില്യണ്‍ കണക്കിനു വ്യൂസാണ് നീലിന് ലഭിക്കാറുള്ളത്.
റോഡിന് കുറുകെ കിടന്ന് വാഹനം തടയുക, വീടുകളുടെ വാതിലിലൂടെയും ജനലിലൂടെയും ഒളിഞ്ഞുനോക്കുക, ട്രാഫിക് തൂണുകള്‍ മറിച്ചിടുക എന്നിങ്ങനെയാണ് നീലിന്റെ വിനോദങ്ങള്‍. ആറുവയസുള്ള ഈ ഭീമാകാരനായ എലിഫന്റ് സീലിന് ആയിരം കിലോയ്ക്കടുത്ത് ഭാരമുണ്ട്. മാസങ്ങളോളം കടലില്‍ ചെലവഴിച്ച ശേഷം വിശ്രമിക്കാനും രോമം കൊഴിയുന്ന പ്രക്രിയയ്ക്കുമായാണ് സീലുകള്‍ കരയിലേക്ക് കയറുന്നത്.
വര്‍ഷത്തില്‍ രണ്ടുതവണ വിശ്രമിക്കാനായി എത്തുന്ന സീല്‍ കഴിഞ്ഞ കുറച്ചു ആഴ്ചകളായി തെക്കന്‍ ടാസ്മാനിയയിലെ കടല്‍ത്തീരത്ത് ഉണ്ടായിരുന്നു. റോഡിന്റെ വശങ്ങളിലുള്ള സൈന്‍ ബോര്‍ഡുകളും പോസ്റ്റുകളും തകര്‍ക്കുന്നതും ജനവാസമേഖലയിലെ വേലികള്‍ക്കരികില്‍ കിടന്നുറങ്ങുന്നതുമായ നീലിന്റെ വീഡിയോകള്‍ പലതവണ വന്‍തോതില്‍ വൈറലായിരുന്നു. നീലിനെ കാണാന്‍ ഈ തീരപ്രദേശത്തേക്ക് സഞ്ചാരികളുടെ വന്‍ ഒഴുക്കാണ് ഉണ്ടായിരുന്നത്.
'നീല്‍ എന്ന സീല്‍ ഇന്നലെ രാത്രി സുരക്ഷിതമായി കടലിലേക്ക് മടങ്ങിപ്പോയി. ഇത് അവന്റെ സ്ഥിരം പെരുമാറ്റമാണ്. മാത്രമല്ല, ഞങ്ങള്‍ അത് പ്രതീക്ഷിച്ചതുമാണ്' - അധികൃതര്‍ വ്യക്തമാക്കി.