വാഷിങ്ടൺ: സൊയൂസ് എംഎസ് 29 ദൗത്യം വിക്ഷേപിച്ചു. പാതി മലയാളിയും നാസയുടെ ബഹിരാകാശ സഞ്ചാരിയായ അനിൽ മേനോനും കൂടി ഭാഗമായ ദൗത്യമാണ് സൊയൂസ്. ഇതോടെ ചരിത്രത്തിൽ മലയാളി കൂടി ഇടം പിടിച്ചിരിക്കുകയാണ്.
റോസ്കോസ്മോസിൻ്റെ പ്യോട്ടർ ഡുബ്രോവും അന്ന കിക്കിനയുമാണ് അനിലിൻ്റെ സഹയാത്രികർ. കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപിച്ചത്. രാത്രി 11.26 ഓടെ സൊയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യും.
പതിനഞ്ചിന് പുലർച്ചെ ഒന്നരയോടെയാകും മൂന്നംഗ സംഘം നിലയത്തിലേക്ക് പ്രവേശിക്കുക. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് മാസത്തെ ദൗത്യ ശേഷം ഏപ്രിലിലോടെ മടങ്ങും. ബഹിരാകാശ നിലയത്തിലെ എക്സ്പെഡിഷൻ 74ൻ്റെ ഭാഗമാകാനാണ് യാത്ര.
മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിൽ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ സംവിധാനങ്ങളിലൊന്നായാണ് സോയൂസ് ബഹിരാകാശ പേടകങ്ങൾ കണക്കാക്കപ്പെടുന്നത്. 1960-കളിൽ ആരംഭിച്ച സോയൂസ് ബഹിരാകാശ പേടക പരമ്പര തുടർച്ചയായി നവീകരിക്കാറുണ്ട്.