ഒരു വശത്ത് ഗാസയിലെ കൊടുംപട്ടിണി, മറുവശത്ത് ഹമാസ് പുറത്തുവിടുന്ന വീഡിയോകളില്‍ മോചനത്തിനായി അപേക്ഷിക്കുന്ന, അസ്ഥികൂടം മാത്രമായ ഇസ്രയേലി ബന്ദികൾ. വെടിനിർത്തല്‍ ചർച്ചകള്‍ നിലച്ചിരിക്കെ, ഗാസയില്‍ നിന്ന് പുറത്തുവരുന്നത് ആശങ്കാജനകമായ റിപ്പോർട്ടുകളാണ്. ബന്ദികളെ പട്ടിണിക്കിടുന്നു എന്ന ആരോപണം തള്ളുന്ന ഹമാസ്, അനിയന്ത്രിത സഹായവിതരണത്തിന് ഇസ്രയേല്‍ തയ്യാറായാല്‍ ബന്ദികളെ സമീപിക്കാന്‍ റെഡ് ക്രോസിനെ അനുവദിക്കാമെന്നാണ് പറയുന്നത്. ഇതിനിടെ പട്ടിണി മൂലം ആറുപേർ കൂടി ഗാസയില്‍ മരിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബന്ദിയാക്കിയ എവ്യാതർ ഡേവിഡ് എന്ന 24 കാരനായ ഇസ്രയേലി യുവാവിനെക്കൊണ്ട് സ്വന്തം ശവക്കുഴി തോണ്ടിക്കുന്നതിന്‍റെ വിഡിയോ കഴിഞ്ഞ ദിവസമാണ് ഹമാസ് പുറത്തുവിട്ടത്. ഇതിന് രണ്ടുദിവസം മുന്‍പാണ്, പലസ്തീൻ ഇസ്ലാമിക് ജിഹാദിന്‍റെ പിടിയിലുള്ള റോം ബ്രാസ്ലാവ്‌സ്‌കി എന്ന മറ്റൊരു ഇസ്രയേലി ബന്ദിയുടെ വീഡിയോ പുറത്തുവന്നത്. എഴുന്നേറ്റ് നില്‍ക്കാനുള്ള ശേഷി കിട്ടാനുള്ള ഭക്ഷണം പോലുമില്ലാതെ മരണം കാത്തുകിടക്കുകയാണ് താനെന്ന് വീഡിയോയില്‍ കരഞ്ഞുപറയുകയായിരുന്നു റോം.
അന്താരാഷ്ട്ര തലത്തില്‍ അപലപിക്കപ്പെട്ട ഈ ദൃശ്യങ്ങള്‍ക്ക് പിന്നാലെ, ബന്ദികളെ ഹമാസ് മനഃപൂർവ്വം പട്ടിണിക്കിടുകയാണെന്ന് ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ കൊടുംപട്ടിണിയിലൂടെ കടന്നുപോകുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണം തന്നെയാണ് ബന്ദികള്‍ക്കും നല്‍കുന്നതെന്നായിരുന്നു ആരോപണങ്ങളോടുള്ള ഹമാസിന്‍റെ പ്രതികരണം. സഹായ ഇടനാഴികള്‍ സ്ഥിരമായി തുറക്കാനും, ആക്രമണം നിർത്തിവെയ്ക്കാനും ഇസ്രയേല്‍ തയ്യാറായാല്‍, ബന്ദികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കാന്‍ റെഡ്ക്രോസിന് അനുമതി നല്‍കാമെന്നും ഹമാസിന്റെ സായുധ വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു.
സ്വിറ്റ്സർലൻഡില്‍ റെഡ് ക്രോസ് മേധാവി ജൂലിയന്‍ ലെറിസണുമായി നടത്തിയ കൂടിക്കാഴ്ചയില്‍, ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബന്ദികള്‍ക്ക് ആവശ്യമായ മാനുഷിക സഹായം എത്തിക്കാന്‍ റെഡ്ക്രോസിന്‍റെ സഹായം തേടിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.
ഇതിനിടെ ആറ് പട്ടിണി മരണങ്ങളാണ് ഗാസയിലുണ്ടായതെന്ന് ഗാസ ആരോഗ്യമന്ത്രാലയം പറയുന്നു. പട്ടിണിയോ പോഷകാഹാരക്കുറവോ മൂലമുള്ള മരണങ്ങള്‍ ഇതോടെ 175 ആയി ഉയർന്നു. അതില്‍ 93ഉം കുട്ടികളാണെന്നും ഗാസ ആരോഗ്യമന്ത്രാലയം പറയുന്നു. സഹായം കാത്തുനിന്നവരടക്കം ഞായറാഴ്ച ഇസ്രയേലിന്‍റെ വെടിവെയ്പ്പിലും വ്യോമാക്രമണങ്ങളിലും 80 ഓളം പേർ കൊല്ലപ്പെട്ടു. ഖാന്‍ യൂനൂസിലെ റെഡ് ക്രെസന്‍റ് ആസ്ഥാനത്ത് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു ജീവനക്കാരന്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരണമുണ്ട്.