Image: Adobe Stock
WORLD

ഫ്രഞ്ച് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് വെള്ളിപ്പാത്രങ്ങളും വസ്തുക്കളും മോഷ്ടിച്ച് ലേലം ചെയ്തു; ജീവനക്കാരൻ അറസ്റ്റില്‍

ഏകദേശം 13 ലക്ഷം മുതല്‍ 36 ലക്ഷം രൂപ വരെ വിലമതിക്കുന്ന വസ്തുക്കളായിരുന്നു കാണാതായത്.

Author : ന്യൂസ് ഡെസ്ക്

ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസി കൊട്ടാരത്തില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വെള്ളിപ്പാത്രങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച സംഭവത്തില്‍ അറസ്റ്റിലായ കൊട്ടാരം ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ വിചാരണ അടുത്ത വര്‍ഷം ആരംഭിക്കും.

കൊട്ടാരത്തിലെ വെള്ളിപ്പാത്രങ്ങളുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനാണ് മോഷണം നടത്തിയത്. 15,000 മുതല്‍ 40,000 വരെ യൂറോ (ഏകദേശം 13 ലക്ഷം മുതല്‍ 36 ലക്ഷം രൂപ വരെ) വിലമതിക്കുന്ന വസ്തുക്കളായിരുന്നു കാണാതായത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊട്ടാരത്തിലെ ജീവനക്കാര്‍ തന്നെ പിടിയിലായത്. കൊട്ടാരത്തില്‍ നിന്ന് കാണാതായ പാത്രങ്ങളില്‍ പലതും ഓണ്‍ലൈന് ലേല സൈറ്റില്‍ കണ്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്.കൊട്ടാരത്തിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന 'സെവ്രെസ് മാനുഫാക്ചറി' എന്ന സ്ഥാപനം, തങ്ങളുടെ പ്രത്യേക ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ ലേല സൈറ്റുകളില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത് ശ്രദ്ധിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് കൊട്ടാരത്തിലെ ജീവനക്കാരെ ചോദ്യം ചെയ്യുകയായിരുന്നു. വെള്ളിപ്പാത്രങ്ങളുടെ ചുമതലയുണ്ടായിരുന്നവരില്‍ ഒരാളുടെ മൊഴിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി.

ജീവനക്കാരന്‍ സൂക്ഷിച്ചിരുന്ന സ്‌റ്റോക്ക് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഭാവിയില്‍ മോഷണം പദ്ധതിയിട്ടിരുന്നതായി കണ്ടെത്തി. ഈ ജീവനക്കാരന് ഉത്പന്നങ്ങള്‍ പ്രത്യക്ഷപ്പെട്ട ലേല വെബ്‌സൈറ്റിന്റെ മാനേജരുമായി ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ ഇയാളുടെ വിന്റഡ് അക്കൗണ്ടില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമല്ലാത്ത 'ഫ്രഞ്ച് എയര്‍ഫോഴ്‌സ്', 'സെവ്രെസ് മാനുഫാക്ചറി' ഔദ്യോഗിക മുദ്രയുള്ള പാത്രങ്ങളും കണ്ടെത്തി.

ഇയാളുടെ സ്വകാര്യ ലോക്കറില്‍ നിന്നും വീട്ടില്‍ നിന്നും വാഹനത്തില്‍ നിന്നുമായി കൊട്ടാരത്തിലെ നൂറോളം വസ്തുക്കളാണ് കണ്ടെത്തിയത്. ഇതില്‍ ചെമ്പ് പാത്രങ്ങള്‍, സെവ്രെസ് പോഴ്‌സലൈന്‍ പാത്രങ്ങള്‍, വിലകൂടിയ ലാലിക് പ്രതിമകള്‍, ബാക്കററ്റ് ഷാംപെയ്ന്‍ കപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

മോഷണം നടത്തിയ ജീവനക്കാരന്‍, ഇയാളുടെ പങ്കാളിയായ ഓണ്‍ലൈന്‍ കമ്പനി മാനേജര്‍, മോഷ്ടിച്ച സാധനങ്ങള്‍ വാങ്ങിയ മറ്റൊരാള്‍ എന്നിവരാണ് അറസ്റ്റിലായത്. ദേശീയ പൈതൃകത്തിന്റെ ഭാഗമായ വസ്തുക്കള്‍ മോഷ്ടിച്ചതിന് ഇവര്‍ക്ക് 10 വര്‍ഷം വരെ തടവും 1.5 ലക്ഷം യൂറോ പിഴയും ലഭിച്ചേക്കാം. കേസിന്റെ വിചാരണ അടുത്ത വര്‍ഷം ഫെബ്രുവരി 26 ന് ആരംഭിക്കും.

കണ്ടെടുത്ത വസ്തുക്കള്‍ കൊട്ടാരത്തിന് തിരികെ നല്‍കി.

SCROLL FOR NEXT