മസ്‌ക്കത്ത്: ഒമാന്‍ തീരത്തിനടുത്ത് വച്ച് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന എണ്ണ ടാങ്കര്‍ ആക്രമിച്ച് ഇറാന്‍. പലാവു കൊടിയുണ്ടായിരുന്ന എണ്ണടാങ്കര്‍ ഒമാനിന്റെ മുസാന്ദം പെനിന്‍സുലയില്‍ വച്ചാണ് ആക്രമിക്കപ്പെട്ടത്. ടാങ്കറിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്ക് പറ്റിയതായി ഒമാന്റെ മാരിടൈം സുരക്ഷാ സെന്റര്‍ അറിയിച്ചു.
20 അംഗ ക്രൂവുമായി സഞ്ചരിക്കുകയായിരുന്ന സ്‌കൈലൈറ്റ് എന്ന ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. 20 പേരില്‍ 15 പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. അഞ്ച് പേര്‍ ഇറാന്‍ പൗരന്മാരുമാണ്. ആക്രമണത്തിന് ശേഷം ഖസാബ് തുറമുഖത്തിന് അഞ്ച് നോട്ടിക്കല്‍ മൈലിനിപ്പുറത്ത് വച്ച് ടാങ്കറിലുണ്ടായിരുന്നവരെ സുരക്ഷിതരാക്കി.
ഇറാനും ഒമാനും ഇടയിലെ ഇടുങ്ങിയ ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഗള്‍ഫില്‍ നിന്നുള്ള എണ്ണയും പ്രകൃതി വാതകവും കൊണ്ടു പോകുന്ന പ്രധാന ഗതാഗത മാര്‍ഗവുമാണിത്. സുരക്ഷ കണക്കിലെടുത്ത് ഹോര്‍മുസ് വഴിയുള്ള യാത്രകള്‍ വന്‍കിട കപ്പല്‍ കമ്പനികള്‍ റദ്ദ് ചെയ്തു. കടലിടുക്ക് വഴിയുള്ള ഗതാഗതം പൂര്‍ണമായും തടയാനാണ് ഇറാന്റെ നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.