തായ്‌വാനിലെ വടക്കുകിഴക്കൻ തീരദേശ നഗരമായ യിലാനിനടുത്ത് ശക്തമായ ഭൂചലനം. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായതെന്ന് ഐലൻഡ് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
തലസ്ഥാനമായ തായ്‌പേയിലടക്കം കെട്ടിടങ്ങളെ കുലുക്കിയ ഭൂചലനത്തെ തുടർന്ന് ആളുകൾ കെട്ടിടങ്ങളിൽ നിന്നും ഇറങ്ങിയോടി. ഭൂകമ്പത്തിൻ്റെ പ്രകമ്പനം 73 കിലോമീറ്റർ വരെ അനുഭവപ്പെട്ടു. നാശനഷ്ടങ്ങളുടെ വിവരം ഇതുവരെ പുറത്തു വന്നിട്ടില്ല. സുരക്ഷാ കാരണങ്ങളാൽ ഇവിടുത്തെ മെട്രോ സർവീസുകളും താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. തീരപ്രദേശങ്ങളിൽ സുനാമിക്ക് സാധ്യതയുണ്ടോ എന്നും അധികൃതർ നിരീക്ഷിക്കുന്നുണ്ട്. തീരപ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
ബുധനാഴ്ച 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ഈ ആഴ്ച ദ്വീപിൽ ഉണ്ടായ രണ്ടാമത്തെ വലിയ ഭൂചലനമാണിത്. 2016 ൽ തെക്കൻ തായ്‌വാനിൽ ഉണ്ടായ ഭൂകമ്പത്തിൽ 100 ൽ അധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. 1999 ൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2,000 ത്തിലധികം പേരാണ് മരിച്ചത്.