ടെഹ്‌റാൻ: ഒരിടവേളയ്ക്ക് ശേഷം ഇസ്ലാമിക ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ ഏറ്റെടുത്ത് ഇറാനിലെ സർവകലാശാലകള്‍. കഴിഞ്ഞ ദിവസം ടെഹ്‌റാനിലെ സർവകലാശാലകളില്‍ പ്രകടനങ്ങള്‍ അരങ്ങേറി. ഷെരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി കാമ്പസിലും അമീർ കബീർ, ബെഹെഷ്തി സർവകലാശാലകളിലും വിദ്യാർഥികള്‍ പ്രതിഷേധ റാലികള്‍ നടത്തി. ജനുവരിയിലെ ജനകീയ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ട ആയിരങ്ങള്‍ക്ക് വിദ്യാർഥികള്‍ ആദരം അർപ്പിച്ചു.
ഇറാനില്‍ അടുത്ത ആഴ്ചയോടെ അമേരിക്ക ആക്രമണം നടത്തുമെന്ന റിപ്പോർട്ടുകള്‍ക്കിടെയാണ് പ്രതിഷേധങ്ങള്‍ വീണ്ടും മുളപൊട്ടുന്നത്. മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈന്യം സൈനിക നീക്കത്തിന് കോപ്പ് കൂട്ടുന്നതിനിടെ ഇറാനോട് അർഥവത്തായ സമാധാന നീക്കങ്ങൾക്ക് ഒരുങ്ങണമെന്ന മുന്നറിയിപ്പു നൽകിയിരിക്കുകയാണ് ട്രംപ്. ഒമാൻ്റെ മധ്യസ്ഥതയിലാണ് യുഎസും ഇറാനും സമാധാന ചർച്ചകൾ നടത്തിയത്. കഴിഞ്ഞ മാസം ഇറാനിൽ നടന്ന പ്രതിഷേധക്കാർക്ക് നേരെയുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നാണ് യുഎസിൻ്റെ പ്രധാന ആവശ്യം.
യുഎസ് ഇറാനെ ആക്രമിച്ചേക്കുമെന്ന് നേരത്തെ സമൂഹമാധ്യമ പേജായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ യുഎസ് മിഡിൽ ഈസ്റ്റിൽ 13 യുദ്ധക്കപ്പലുകളും ഒരു വിമാനവാഹിനിക്കപ്പലും മൂന്ന് ലിറ്റോറൽ യുദ്ധക്കപ്പലുകളും വിന്യസിച്ചിട്ടുണ്ട്. ഇത് കൂടാതെ കൂടുതൽ കപ്പലുകൾ വിന്യസിക്കാൻ ഒരുങ്ങുന്നതായും യുഎസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ആണവ കരാറിൽ ഇറാനുമായി അന്തിമ തീരുമാനത്തിലെത്താൻ കഴിയാത്തതും, ഇറാനിലെ ജനകീയ പ്രക്ഷോഭം ഭരണകൂടം അടിച്ചമർത്താൻ ശ്രമിച്ചതും, ഇറാനിലെ എണ്ണ വിപണിയും, ഭരണകൂടത്തിൻ്റെ ബലഹീനതയും ഇസ്രയേലി സമ്മർദവുമെല്ലാം ഇറാനെ യുഎസ് ആക്രമിച്ചേക്കുമെന്ന സാധ്യതകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്.
തുടക്കത്തിൽ രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥ ഉയർത്തിക്കാട്ടി ആരംഭിച്ച പ്രകടനങ്ങൾ ഒടുവിൽ ഇറാനിയൻ ഭരണകൂടം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിഷേധമായി മാറുകയായിരുന്നു. വൻ സംഘർഷങ്ങൾ നടന്നതിൽ നിരവധി പ്രക്ഷോഭകർക്കും സൈനികർക്കും ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അതിനിടെയാണ് പ്രതിഷേധക്കാർക്ക് വേണ്ടി എന്ന നിലയിൽ ട്രംപിന്റെ ഇടപെടൽ സ്ഥിതി കൂടൂതൽ വഷളാക്കിയത്.