France Supermarket Fridges Hit by Cyber Attack; 400 Stores Affected news malayalam 24x7
WORLD

സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകൾ ഹാക്ക് ചെയ്ത് 50 ഡിഗ്രി ചൂടിലേക്ക് മാറ്റി; ഫ്രാൻസിൽ കോടിക്കണക്കിന് രൂപയുടെ ഭക്ഷണ സാധനങ്ങള്‍ നശിപ്പിച്ച് വിചിത്രമായ സൈബർ ആക്രമണം

ഫ്രാൻസിലെ പ്രമുഖ റീട്ടെയിൽ ശൃംഖലകളായ കാരിഫോർ , ഇന്റർമാർഷെ , മോണോപ്രിക്സ് , കോഓപ്പറേറ്റീവ് യു, ഇ.ലെക്ലർക്ക് എന്നിവയുടെ 400-ലധികം സ്റ്റോറുകളെയാണ് സൈബർ ആക്രമണം ബാധിച്ചത്.

Author : ന്യൂസ് ഡെസ്ക്

പാരീസ്: ഫ്രാൻസിലെ നൂറുകണക്കിന് പ്രമുഖ സൂപ്പർമാർക്കറ്റുകളുടെ ഫ്രിഡ്ജുകളും ഫ്രീസറുകളും ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം . സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളുടെ താപനില നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറുകൾ ഹാക്ക് ചെയ്ത അജ്ഞാതർ ശീതീകരിക്കുന്നതിന് പകരം ഫ്രീസറുകളിലെ ചൂട് 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തുകയായിരുന്നു. ഇതോടെ ഫ്രാൻസിലുടനീളമുള്ള സൂപ്പർമാർക്കറ്റുകളിലെ സൂക്ഷിച്ചുവെച്ചിരുന്ന കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പച്ചക്കറികളും മാംസവും അടക്കം ശീതീകരിച്ച ഭക്ഷണസാധനങ്ങളും നശിച്ചു. തിങ്കളാഴ്ച രാവിലെ കടകൾ തുറക്കാനെത്തിയ ജീവനക്കാരെ വരവേറ്റത് ഫ്രീസറുകളിൽ നിന്ന് ചീഞ്ഞ ഭക്ഷണ സാധനങ്ങളുടെ മണം ആയിരുന്നു. ചിലയിടങ്ങളിൽ കടുത്ത ചൂട് കാരണം ഫ്രീസറുകളിൽ ചെറിയ തോതിൽ തീപിടുത്തം ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഐസ്‌ക്രീം ഫ്രീസറുകളിൽ താപനില 26.5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതിന്റെ ചിത്രങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു.

ഫ്രാൻസിലെ പ്രമുഖ റീട്ടെയിൽ ശൃംഖലകളായ കാരിഫോർ , ഇന്റർമാർഷെ , മോണോപ്രിക്സ് , കോഓപ്പറേറ്റീവ് യു, ഇ.ലെക്ലർക്ക് എന്നിവയുടെ 400-ലധികം സ്റ്റോറുകളെയാണ് സൈബർ ആക്രമണം ബാധിച്ചത്. കോഓപ്പറേറ്റീവ് യുവിന്റെ നൂറിലധികം സ്റ്റോറുകളെയും ഇന്റർമാർഷെയുടെ 180 സ്റ്റോറുകളെയും ബാധിച്ചപ്പോൾ കൂടുതൽ കടകളിലേക്ക് ആക്രമണം വ്യാപിക്കാതിരിക്കാൻ മറ്റ് 100 സ്റ്റോറുകൾ അടിയന്തരമായി ഇന്റർനെറ്റ് കട്ട് ചെയ്തു കമ്പനി. കാരിഫോറിന്റെ 80 ശാഖകളിലും മോണോപ്രിക്സിന്റെ 5 ശതമാനം സ്റ്റോറുകളിലും സമാനമായ ആക്രമണമുണ്ടായി. അൽസാസ് മേഖലയിലെ വെറും രണ്ട് സൂപ്പർമാർക്കറ്റുകളിൽ മാത്രം ഏകദേശം 2.4 കോടി രൂപയിലധികം നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. രാജ്യവ്യാപകമായി ഉണ്ടായ മൊത്തം നഷ്ടം ദശലക്ഷക്കണക്കിന് യൂറോ വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് കേടായ ഭക്ഷണസാധനങ്ങൾ പൂർണ്ണമായും നശിപ്പിച്ചു കളഞ്ഞതായി അധികൃതർ വ്യക്തമാക്കി.

ശീതീകരണ സംവിധാനങ്ങൾ വിദൂരത്തിരുന്ന് നിയന്ത്രിക്കാൻ സഹായിക്കുന്ന ഡാനിഷ് എഞ്ചിനീയറിംഗ് കമ്പനിയായ ഡാൻഫോസിന്റെ സോഫ്റ്റ്‌വെയറുകളെയാണ് ഹാക്കർമാർ ലക്ഷ്യമിട്ടത്. സാധാരണയായി രാത്രി സമയങ്ങളിൽ ചെറിയ തോതിൽ ഡീഫ്രോസ്റ്റിംഗ് നടക്കുന്ന പതിവുണ്ടെങ്കിലും പുതിയ ഹാക്കിംഗിലൂടെ ഫ്രിഡ്ജുകൾ മണിക്കൂറുകളോളം കടുത്ത ചൂടിൽ തന്നെ തുടരാൻ ഹാക്കർമാർ നിർദ്ദേശം നൽകുകയായിരുന്നു. പഴയ മോഡൽ ഉപകരണങ്ങളിൽ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കാതിരുന്നതാണ് ആക്രമണത്തിന് വഴിവെച്ചതെന്ന് ഡാൻഫോസ് അറിയിച്ചു.

സംഭവത്തിൽ ഫ്രഞ്ച് പ്രോസിക്യൂഷൻ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷയെ ബാധിക്കുന്നപുതിയ കാലത്തെ ഭീകരമായ ഭീഷണിയാണ് ഈ ആക്രമണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്ന് യൂറോപ്യൻ യൂണിയൻ ഫുഡ് കമ്മീഷണർ ക്രിസ്റ്റോഫ് ഹാൻസെൻ മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ അവശ്യ ഭക്ഷ്യവിതരണ ശൃംഖലയ്ക്ക് നേരെയുണ്ടായ ഈ ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കോഓപ്പറേറ്റീവ് യു ചീഫ് എക്സിക്യൂട്ടീവ് ഡൊമിനിക് ഷെൽച്ചറും പ്രതികരിച്ചു.

SCROLL FOR NEXT