Source: X
WORLD

സിഡ്നി വെടിവയ്പ്പ്; ഭീകരവിരുദ്ധ നിയമങ്ങൾ കർശനമാക്കി ഓസ്ട്രേലിയൻ സംസ്ഥാനം

ഭരണകക്ഷിയായ മധ്യ-ഇടതുപക്ഷ ലേബറിൻ്റെയും പ്രതിപക്ഷമായ ലിബറൽ പാർട്ടിയുടെയും പിന്തുണയോടെയാണ് ബിൽ അധോസഭ പാസാക്കിയത്

Author : ന്യൂസ് ഡെസ്ക്

സിഡ്‌നി വെടിവയ്പ്പിന് ശേഷം ഓസ്‌ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിൽ ഭീകര വിരുദ്ധ നിയമങ്ങൾ കർശനമാക്കി. തോക്കിൻ്റെ ലൈസൻസ്, ഭീകരവിരുദ്ധ നിയമങ്ങൾ എന്നിവയിലാണ് കൂടുതൽ ശക്തമായ ഭേദഗതി കൊണ്ടു വന്നിരിക്കുന്നത്. പുതിയ ബില്ലിൽ തോക്കുകളുടെ ഉടമസ്ഥാവകാശം കർശനമാക്കുന്നതോടൊപ്പം തീവ്രവാദ ചിഹ്നങ്ങളുടെ പൊതു പ്രദർശനം നിരോധിക്കുകയും പ്രതിഷേധങ്ങൾ തടയാൻ പൊലീസ് അധികാരം ശക്തിപ്പെടുത്തുകയും ചെയ്തു.എട്ടിനെതിരെ 18 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്. ഭരണകക്ഷിയായ മധ്യ-ഇടതുപക്ഷ ലേബറിൻ്റെയും പ്രതിപക്ഷമായ ലിബറൽ പാർട്ടിയുടെയും പിന്തുണയോടെയാണ് ബിൽ അധോസഭ പാസാക്കിയത്.

ഡിസംബർ 14-ന് സിഡ്‌നിയിലെ പ്രശസ്തമായ ബോണ്ടി ബീച്ചിൽ ജൂതരുടെ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിൽ 15 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്നാണ് ഈ പുതിയ നിയമനിർമാണം. മൂന്ന് പതിറ്റാണ്ടിനിടെ നടന്ന ഏറ്റവും വലിയ വെടിവയ്പ്പായിരുന്നു ഇത്.

പുതിയ നിയമങ്ങൾ പ്രകാരം, മിക്ക വ്യക്തിഗത തോക്ക് ലൈസൻസുകളും നാല് തോക്കുകളായി പരിമിതപ്പെടുത്തും. അതേസമയം, കർഷകർക്ക് പരമാവധി 10 തോക്കുകൾ വരെ കൈവശം വയ്ക്കാൻ അനുവാദമുണ്ടാകും.

ഭീകരാക്രമണത്തിന് ശേഷം മൂന്ന് മാസം വരെ പൊതുജന പ്രതിഷേധങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പൊലീസിന് കൂടുതൽ അധികാരങ്ങൾ നൽകിയിട്ടുണ്ട്. അതേസമയം നിരോധിത ഭീകര സംഘടനകളുടെ ചിഹ്നങ്ങൾ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നത് നിരോധിക്കും. പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ സാധാരണയായി കേൾക്കുന്ന "ഇൻതിഫാദയെ ആഗോളവൽക്കരിക്കുക" എന്ന മുദ്രാവാക്യവും നിരോധിക്കും.

തീവ്ര മുസ്ലീം ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രണ്ട് തോക്കുധാരികളും ആക്രമണം നടത്തിയതെന്നാണ് പൊലീസിൻ്റെ നിഗമനം. അക്രമികളിൽ ഒരാളായ 50 കാരനായ സാജിദ് അക്രം പൊലീസിൻ്റെ വെടിയേറ്റ് മരിച്ചിരുന്നു. അതേസമയം, ഇയാളുടെ മകനും മറ്റൊരു പ്രതിയുമായ 24 വയസ്സുള്ള നവീദിനെതിരെ കൊലപാതകം, ഭീകരവാദം എന്നിവയുൾപ്പെടെ 59 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

SCROLL FOR NEXT