കാബൂൾ: അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ പിടിച്ചടക്കിയിട്ട് ഇന്നേക്ക് അര പതിറ്റാണ്ട് തികഞ്ഞു. വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ ആഘോഷ പരിപാടികൾ നടന്നു. 2021 ആഗസ്റ്റ് 15 നാണ് മുൻ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് താലിബാൻ ഭരണത്തിലേറിയത്. തൊഴിലില്ലായ്മയും സ്ത്രീകളുടെ അരക്ഷിതാവസ്ഥയും സാമ്പത്തിക ഞെരുക്കവും രാജ്യത്ത് രൂക്ഷമാകുകയാണ്.
ജനാധിപത്യത്തിന് മേൽ മതാധികാര ഭീകരതയുടെ ഇരുട്ട് വീഴ്ത്തിയാണ് 2021ഓഗസ്റ്റ് 15 ന് താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കുന്നത്. അമേരിക്കൻ സൈനികരുടെ പിൻവാങ്ങലോടെ അഷ്റഫ് ഗനിയുടെ സർക്കാരിനെ അട്ടിമറിച്ചാണ് താലിബാൻ കാബൂൾ മണ്ണിൽ നിലയുറപ്പിക്കുന്നത്. പിടിച്ചടക്കലിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും പാരതന്ത്യത്തിന്റെയും അര പതിറ്റാണ്ടിന്റെ നോവാണ് ഇന്ന് അഫ്ഗാൻ ജനതയുടെ കണ്ണിൽ കാണുന്നത്.
താലിബാൻ ഭരണകൂടം നിലവിൽ വന്നതിന് ശേഷം രാജ്യത്തെ സ്ത്രീ ജീവിതം തികച്ചും ദുസ്സഹമായതായാണ് ഐക്യരാഷ്ട്ര സഭയുടെ വെളിപ്പെടുത്തൽ.12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സ്കൂൾ പ്രവേശനം സർക്കാർ നിഷേധിക്കുകയും ശൈശവ വിവാഹത്തിന് അനുമതി നൽകുകയും ചെയ്തു. ആൺ തുണയില്ലാതെ സ്ത്രീകൾ പുറത്തിറങ്ങരുതെന്ന നിയമം പ്രാബല്യത്തിൽ വന്നു. ഇതുമൂലം കടുത്ത മാനസിക പ്രതിസന്ധി നേരിടുന്നതായി അഫ്ഗാൻ സ്ത്രീകളുടെ സാക്ഷ്യം. രാജ്യത്തെ തൊഴിലില്ലായ്മയിൽ വൻ വർധനവുണ്ടാകുകയും സാമ്പത്തിക അരക്ഷിതാവസ്ഥ അതിരൂക്ഷമാകുകയും ചെയ്തു.
താലിബാൻ നിലവിൽ വന്നതിന് ശേഷം രാജ്യത്തെ ജനങ്ങളെ നാല് വിഭാഗങ്ങളായി ഭരണകൂടം തരംതിരിച്ചു. ഏറ്റവും ഉയർന്ന പദവി നൽകിയത് മതപുരോഹിതർക്കാണ്. പിന്നീട് വരേണ്യ വർഗ്ഗത്തിനും മധ്യവർഗത്തിനുമാണ് സ്ഥാനം. സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിഭാഗത്തിനാണ് അധികാര ശ്രേണിയനുസരിച്ച് ഏറ്റവും താഴ്ന്ന സ്ഥാനം.റഷ്യ മാത്രമാണ് താലിബാൻ ഭരണകൂടത്തെ അംഗീകരിച്ച ഏക രാജ്യം. മറ്റ് രാജ്യങ്ങളൊന്നും അഫ്ഗാനിലെ താലിബാൻ സർക്കാരിനെ അംഗീകരിച്ചതായി സ്ഥിരീകരണമില്ല. അയൽ രാജ്യം ആയിരം പൂർണ ചന്ദ്രന്മാരെ കണ്ട സ്വാതന്ത്യ രാത്രി ആഘോഷിക്കാനിരിക്കെയാണ് താലിബാനിൽ ഇന്നും ലിംഗ അസമത്വവും മേധാവിത്വവും കൊടികുത്തി വാഴുന്നത്.