വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ പള്ളിക്കു മുന്നിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്ക്. സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം പള്ളിയിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. അഫ്‍ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഖൈബർ പഖ്‌തുൻഖ്വയിലെ കോഹട്ട് ജില്ലയിലെ പള്ളിയില്‍, വെള്ളിയാഴ്ച ജുമാ നമസ്കാര സമയത്തോടടുത്തായിരുന്നു ആക്രമണം. പിന്നാലെ സമീപത്തെ പൊലീസ് ആസ്ഥാനവും ആക്രമിക്കപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
പൊലീസ് ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തോട് ചേർന്ന പള്ളിയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഗേറ്റില്‍ ഇടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ വെടിവെപ്പും നടന്നു. സായുധരായ രണ്ടംഗ സംഘം പൊലീസ് കെട്ടിട വളപ്പില്‍ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു വെടിവെപ്പ്. അതിനൊപ്പം പിന്നെയും ചാവേര്‍ ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. 15ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് 27 മരണം. പരിക്കേറ്റവരില്‍ ഏറെയും പള്ളിയില്‍ എത്തിയവരാണ്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അക്രമികളിലൊരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അപലപിച്ചു.