WORLD

"വ്യോമാതിര്‍ത്തിയിലെത്തിയ ഡ്രോണുകള്‍ നിര്‍വീര്യമാക്കി"; എല്‍ പാസോയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നു

പത്ത് ദിവസത്തേക്ക് അടിച്ചിടുമെന്ന് അറിയിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് വ്യോമാതിർത്തി തുറക്കുന്നതായി അറിയിപ്പ് വന്നത്.

Author : ന്യൂസ് ഡെസ്ക്

ടെക്‌സസ്: അല്‍ പാസോ അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള വ്യോമാതിര്‍ത്തി തുറന്നതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍. പത്ത് ദിവസത്തേക്ക് അടിച്ചിടുമെന്ന് അറിയിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് വ്യോമാതിർത്തി തുറക്കുന്നതായി അറിയിപ്പ് വന്നത്.

താല്‍ക്കാലിക അടച്ചിടല്‍ സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് പിന്‍വലിച്ചെന്നും നിലവില്‍ ഭീഷണികളൊന്നുമില്ലെന്നും അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്നും അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.

വ്യോമാതിര്‍ത്തിയിലേക്ക് ഡ്രോണുകള്‍ എത്തിയെന്നും എഫ്എഫ്എയും പ്രതിരോധ വകുപ്പും കൃത്യസമയത്ത് തന്നെ ഇടപെട്ട് ഇതിനെ നിര്‍വീര്യമാക്കിയെന്നും നിലവില്‍ ഒരു ഭീഷണിയും ഇല്ലെന്നുമാണ് ഗതാഗത സെക്രട്ടറി സീന്‍ ഡഫി പറഞ്ഞത്.

സാധാരണ വിമാനങ്ങള്‍ ബുധനാഴ്ച രാവിലെ മുതല്‍ തന്നെ പുനരാരംഭിക്കുമെന്നാണ് ഡഫി അറിയിച്ചത്. അതേസമയം എത്ര ഡ്രോണുകളാണ് വ്യോമാതിര്‍ത്തി കടന്നെത്തിയതെന്നോ എങ്ങനെയാണ് അവയെ നിര്‍വീര്യമാക്കിയതെന്നും സംബന്ധിച്ച വിവരങ്ങള്‍ ഡഫി പങ്കുവച്ചില്ല.

പ്രത്യേക സുരക്ഷാ കാരണങ്ങളാല്‍ വ്യോമാതിര്‍ത്തി അടയ്ക്കുന്നു എന്നാണ് അറിയിച്ചിരുന്നത്. എല്‍ പാസോയ്ക്ക് ചുറ്റും പത്ത് മൈല്‍ ചുറ്റളവിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ന്യൂ മെക്‌സികോയുടെ ദക്ഷിണ ഭാഗം, സാന്‍ തെരേസ ടൗണിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും നിയന്ത്രണം ബാധകമായിരുന്നു.

SCROLL FOR NEXT