ബാങ്കോക്ക്: തായ്‌ലാൻഡ്-കംബോഡിയ അതിർത്തി സംഘർഷം അവസാനിപ്പിക്കാൻ സമാധാന ശ്രമങ്ങളുമായി ആസിയാൻ. ആസിയാൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ മലേഷ്യയിൽ ഉന്നതതല യോഗം ചേരും. തായ്‌ലാൻഡ്- കംബോഡിയ മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ചർച്ചകളിലൂടെ വീണ്ടും വെടിനിർത്തൽ സാധ്യമാക്കാനുള്ള പ്രവർത്തനങ്ങൾ പ്രാവർത്തികമാക്കുക എന്നതാണ് ഇതിനുപിന്നിലെ മുഖ്യലക്ഷ്യം.
സംഘർഷം രൂക്ഷമായതോടെ കംബോഡിയ-തായ്‌ലൻഡ് അതിർത്തിയിൽ നിന്ന് കൂട്ടപലായനം തുടരുകയാണ്. കംബോഡിയൻ അതിർത്തിയിൽ നിന്ന് അഞ്ച് ലക്ഷത്തിലധികം പേരും, തായ്‌ലാൻഡിൽ നിന്ന് 4 ലക്ഷത്തോളം പേരും പലായനം ചെയ്തതായാണ് റിപ്പോർട്ട്. ഒക്ടോബറിലാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മധ്യസ്ഥതയിൽ സമാധാന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.
കംബോഡിയയുമായുള്ള അതിർത്തി തർക്കം കൈകാര്യം ചെയ്തതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് പ്രധാനമന്ത്രി പെയ്‌റ്റോങ്‌ടാർൺ ഷിനവത്രയെ കോടതി പുറത്താക്കിയിരുന്നു. ഒരു ഔപചാരിക സർക്കാരിൻ്റെ അഭാവം കംബോഡിയയുമായുള്ള അതിർത്തി സുരക്ഷയെ ബാധിക്കില്ലെന്ന് പ്രസ്താവനയുംപ്രതിരോധ മന്ത്രാലയം തീരുമാനത്തിന് പിന്നാലെ പുറത്തുവിട്ടിരുന്നു. പുതിയ സർക്കാർ രൂപീകരിക്കുന്നതുവരെ താൽക്കാലിക മന്ത്രിസഭയെയും നിയമിച്ചിട്ടുണ്ട്.
ഫെബ്രുവരി എട്ടിനാണ് തായ്‌ലൻഡിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. 500 നിയമസഭാംഗങ്ങളെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കും. 400 നിയോജകമണ്ഡല സീറ്റുകളും 100 എണ്ണം പാർട്ടി ലിസ്റ്റ് അടിസ്ഥാനത്തിലുമാണ് അനുവദിച്ചിരിക്കുന്നത്. ഓരോ പാർട്ടിക്കും മൂന്ന് പ്രധാനമന്ത്രി സ്ഥാനാർഥികളെ വരെ മത്സരിപ്പിക്കാം. ഏപ്രിൽ 9 ന് ഔദ്യോഗിക വോട്ടെടുപ്പ് ഫലങ്ങൾ പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതിനുശേഷം 15 ദിവസത്തിനുള്ളിൽ പുതിയ പാർലമെൻ്റ് വിളിച്ചുകൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കുകയും തുടർന്ന് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് പ്രക്രിയ നടത്തുകയും വേണം.