Source: News Malayalam 24x7
WORLD

ദുരിതം തീരാതെ പലസ്തീൻ ജനത; അതിശൈത്യത്തിൻ്റെ പിടിയിലമർന്ന് ഗാസ

മരുന്നും അടക്കമുള്ള അവശ്യ വസ്തുക്കൾ ഇപ്പോഴും ദുരിതബാധിതരിലേക്ക് എത്തുന്നില്ല

Author : ന്യൂസ് ഡെസ്ക്

രണ്ട് വർഷം നീണ്ട യുദ്ധം തീർത്ത കെടുതികൾക്കൊപ്പം അതിശൈത്യത്തിൻ്റെ ദുരിതവും പേറുകയാണ് ഗാസൻ ജനത . കഴിഞ്ഞ ഒരു മാസത്തിനിടെ കൊടും തണുപ്പിലും മഴയിലും മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെ 15 പേർ മരിച്ചതായാണ് കണക്ക്. കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ വെടിനിർത്തൽ കരാർ കടലാസിൽ മാത്രം ഒതുങ്ങുമ്പോൾ ഭക്ഷണവും വസ്ത്രവും മരുന്നും അടക്കമുള്ള അവശ്യ വസ്തുക്കൾ ഇപ്പോഴും ദുരിതബാധിതരിലേക്ക് എത്തുന്നില്ല .

ഗാസയിലെ ഖാൻ യൂനിസിലെ കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കൂടാരങ്ങൾ ശൈത്യ കാറ്റിൽ ആടി ഉലയുകയാണ് . ദുർബലമായ ടാർപോളിൻ കവറുകൾ പറന്ന് അകന്ന് പോകാതിരിക്കാൻ പാടുപെടുകയാണ് പലസ്തീനികൾ.ഈ കാലം അതി കഠിനമാണ് ഈ ജനതയ്ക്ക്.

യുദ്ധത്താൽ തകർന്നടിഞ്ഞ മേഖലയ്ക്ക് ശൈത്യകാലം ഉണ്ടാക്കുന്ന നീറ്റൽ ചെറുതല്ല. ശക്തമായ ശൈത്യ കാറ്റിനൊപ്പം എത്തുന്ന ഈർപ്പം കൂടാരത്തിനുള്ളിലേക്ക് ഇരച്ചെത്തും.നേർത്ത കുപ്പായങ്ങൾക്കുള്ളിലേക്ക് കുത്തികയറും. യുദ്ധാന്തരീക്ഷത്തിൻ്റെ മുറിവ് ഉണങ്ങാത്ത മനുഷ്യർക്കുള്ളിലേക്ക് പിന്നെയും വേദന പകരും .

ഏതാണ്ട് ഒമ്പത് ലക്ഷത്തിലധികം ആളുകളും തുണിയും ടാർപോളിനും കൊണ്ട് തീർത്ത താൽക്കാലിക ടെൻ്റുകളിലാണ് താമസിക്കുന്നത്. ശൈത്യ കൊടുങ്കാറ്റും മഴയും ആയിരക്കണക്കിന് കൂടാരങ്ങൾ തകർത്തു. തുണിയും ടാർപോളിനും കൊണ്ട് നിർമിച്ച താൽക്കാലിക ടെൻ്റുകൾക്ക് പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനാകുന്നില്ല. ഭൂമിയോട് പതിഞ്ഞ് കിടക്കുന്ന കൂടാരങ്ങളിൽ പലതിലും വെള്ളം കയറി. കൊടും തണുപ്പിൽ ഈ മാസം മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെ 15 പേർ മരിച്ചുവെന്നാണ് കണക്ക്.

കുഞ്ഞുങ്ങളെ തുണികളിൽ പൊതിഞ്ഞ് ശരീര ഊഷ്മാവ് ക്രമീകരിക്കാനാണ് മാതാപിതാക്കൾ ശ്രമിക്കുന്നത്. വസ്ത്രങ്ങൾ കുറവായതിനാൽ അധികനേരം ഇങ്ങനെ ചൂട് നൽകാനും കഴിയില്ല. ആവശ്യമായ ചികിത്സയോ ഭക്ഷണമോ മറ്റു സഹായങ്ങളോ ലഭിക്കാതെയാണ് ഗാസൻ ജനത ഓരോ ദിവസവും തള്ളി നീക്കുന്നത്.

ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം ആക്രമണം കുറഞ്ഞുവെങ്കിലും പൂർണമായും അവസാനിച്ചിട്ടില്ല. പ്രാരംഭ വെടിനിർത്തൽ പ്രഖ്യാപനത്തിലെ വ്യവസ്ഥകളുടെ ആദ്യ ഘട്ടം മാത്രമേ പ്രാബല്യത്തിൽ വന്നിട്ടുള്ളൂ.

SCROLL FOR NEXT