Image: Donald Trump/ Truth Social
WORLD

"അവര്‍ ശ്വാസംമുട്ടുകയാണ്, കാര്യങ്ങള്‍ ഇനിയും വഷളാകും"; ഇറാനെതിരായ ഉപരോധം തുടരുമെന്ന് ട്രംപ്

ആണവ ചര്‍ച്ചകള്‍ പിന്നീട് നടത്താമെന്നും ആദ്യം ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്നുമുള്ള ഇറാന്റെ നിര്‍ദേശവും ട്രംപ് തള്ളി

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: ഇറാനെതിരെയുള്ള നാവിക ഉപരോധം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ ഉന്നയിച്ച ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിച്ചു കൊണ്ട് ഇറാന്‍ യുഎസുമായി കരാറില്‍ ഏര്‍പ്പെടുന്നതുവരെ ഉപരോധം തുടരുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

ആണവ ചര്‍ച്ചകള്‍ പിന്നീട് നടത്താമെന്നും ആദ്യം ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്നുമുള്ള ഇറാന്റെ നിര്‍ദേശവും ട്രംപ് തള്ളി. ആക്‌സിയോസിനോടാണ് ട്രംപിന്റെ പ്രതികരണം. ബോംബിനേക്കാള്‍ ഫലപ്രദമാണ് ഉപരോധമെന്നും ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി വരെ താന്‍ സൈനിക നടപടികള്‍ക്ക് ഉത്തരവിട്ടിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.

യുഎസിന്റെ ഉപരോധത്തിലൂടെ ഇറാന്‍ ശ്വാസം മുട്ടുകയാണെന്നും കാര്യങ്ങള്‍ ഇനിയും വഷളാകുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന് ആണവായുധം കൈവശം വെക്കാനാകില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

അതേസമയം, ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാനായി ഇറാന് നേരെ ചെറുതും എന്നാല്‍, ശക്തവുമായ ആക്രമണങ്ങള്‍ നടത്താന്‍ യുഎസ് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഇതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണങ്ങളിലൂടെ, സമ്മര്‍ദത്തിലാക്കി ചര്‍ച്ചയിലേക്ക് തിരികെ കൊണ്ടുവരാനും കൂടുതല്‍ വഴക്കമുള്ള നിലപാട് സ്വീകരിപ്പിക്കാനുമാണ് യുഎസ് ലക്ഷ്യമിടുന്നത്. യുഎസിന്റെ നിബന്ധനകള്‍ അംഗീകരിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറാകാന്‍ ഇറാനെ നിര്‍ബന്ധിതരാക്കുകയാണ് തന്ത്രം.

ട്രൂത്ത് സോഷ്യലില്‍ ട്രംപ് കഴിഞ്ഞ ദിവസം ഒരു എഐ ചിത്രം പങ്കുവെച്ചിരുന്നു. കറുത്ത സ്യൂട്ടും കൂളിങ് ഗ്ലാസും ധരിച്ച് കൈയില്‍ അസാള്‍ട്ട് റൈഫിളുമായി നില്‍ക്കുന്ന സ്വന്തം ചിത്രമാണ് ട്രംപ് പങ്കുവെച്ചത്. ഇറാന് കാര്യങ്ങള്‍ ശരിയാക്കാനോ ആണവ കരാറില്‍ എങ്ങനെ ഒപ്പിടണമെന്നോ അറിയില്ലെന്നും ബുദ്ധി കാണിക്കണമെന്നുമാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ പറഞ്ഞിരുന്നത്.

ഉപരോധത്തെ സമ്മര്‍ദ തന്ത്രമായാണ് ട്രംപ് കാണുന്നത്. ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ സൈനിക നടപടിയിലേക്ക് നീങ്ങാനുമാണ് ട്രംപിന്റെ പദ്ധതി. ഉപരോധം കാരണം എണ്ണ കയറ്റുമതി ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇറാന്റെ ഓയില്‍ പൈപ്പ്ലൈനുകള്‍ 'പൊട്ടിത്തെറിക്കാന്‍ പോകുന്ന അവസ്ഥയിലാണെന്നും' ട്രംപ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, യുഎസിന് ഉടന്‍ തന്നെ മറുപടി നല്‍കുമെന്നാണ് ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. നയതന്ത്രത്തിന് ഇറാന്‍ അവസരം നല്‍കുന്നുണ്ടെങ്കിലും ഉപരോധം തുടര്‍ന്നാല്‍, ക്ഷമയ്ക്കും ഒരു പരിധിയുണ്ടെന്നും അദ്ദേഹം സ്റ്റേറ്റ് ടെലിവിഷനിലൂടെ പറഞ്ഞു.

SCROLL FOR NEXT