WORLD

ഇറാനില്‍ നേതാക്കളൊന്നും ബാക്കിയില്ല; ആരുമായാണ് ചര്‍ച്ച നടത്തേണ്ടതെന്ന് അറിയില്ല: ട്രംപ്

ആരുമായി ചര്‍ച്ച നടത്തണമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണെന്നുമായിരുന്നു ട്രംപിന്റെ പരാമര്‍ശം

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: ഇറാനെതിരെ രൂക്ഷ പരിഹാസവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസില്‍ ഞായറാഴ്ച നടന്ന റാലിയിലാണ് ട്രംപിന്റെ പരാമര്‍ശം. ഇറാനില്‍ നേതാക്കള്‍ ആരും അവശേഷിക്കുന്നില്ലെന്നും ആരുമായി ചര്‍ച്ച നടത്തണമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണെന്നുമായിരുന്നു ട്രംപിന്റെ പരാമര്‍ശം.

"അവര്‍ക്ക് വിമാനങ്ങളോ കപ്പലുകളോ നേതാക്കളോ ഒന്നും തന്നെ അവശേഷിക്കുന്നില്ല. അവരുടെ ഒന്നാംനിര നേതാക്കളും രണ്ടാം നിര നേതാക്കളുമെല്ലാം പോയിക്കഴിഞ്ഞു. എനിക്ക് നിര്‍ത്തേണ്ടി വന്നിരിക്കുകയാണ്, കാരണം ആരുമായാണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് കണ്ടെത്തേണ്ടതുണ്ട്"

ട്രംപിന്റെ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, ഇസ്രയേലുമായും യുഎസ്സുമായും വീണ്ടും യുദ്ധമുണ്ടായാലും നയങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഒരു ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ഇറാനില്‍ പുതിയ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന യുഎസിന്റെയും ഇസ്രായേലിന്റെയും ഭീഷണികള്‍ ശക്തമാകുന്നതിനിടയിലാണ് അരാഗ്ചിയുടെ പ്രതികരണം.

'പുതിയൊരു യുദ്ധത്തെക്കുറിച്ചുള്ള സംസാരം നടക്കുന്നുണ്ട്, എന്നാല്‍ ഞാന്‍ ചിന്തിക്കുന്നത് യുദ്ധാനന്തര കാലഘട്ടത്തെക്കുറിച്ചാണ്. യുദ്ധമുണ്ടായാലും ഇല്ലെങ്കിലും ഞങ്ങളുടെ നയങ്ങള്‍ ഒന്നുതന്നെയായിരിക്കും'- അരാഗ്ചി പറഞ്ഞു.

അവര്‍ ഇതിനകം രണ്ടുതവണ യുദ്ധത്തിന് മുതിരുകയും അതിന്റെ ഫലം കാണുകയും ചെയ്തിട്ടുള്ളതാണ്. വീണ്ടും ശ്രമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു ഫലവും ലഭിക്കില്ലെന്ന് അവര്‍ക്ക് അറിയാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാനെതിരായ യുദ്ധത്തെ പരാമര്‍ശിച്ചുകൊണ്ട്, വാഷിംഗ്ടണ്‍ മറ്റൊരു ചെറിയ 'എപിക് ഫ്യൂറി' കൂടി നടത്തിയേക്കാം എന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു.

SCROLL FOR NEXT