Source; X
WORLD

പാപങ്ങളിൽ നിന്ന് മുക്തി നേടാൻ നഗ്നപാദരായി വിശ്വാസികൾ; ബ്ലാക്ക് നസറീൻ ഘോഷയാത്രയുമായി ഫിലിപ്പൈൻസ്

ഘോഷയാത്രയിലെ ഏറ്റവും പ്രധാനഭാഗം സാൻ സെബാസ്റ്റ്യൻ പള്ളിക്ക് മുന്നിലെത്തുമ്പോഴുള്ള ദുങ്കാവ് എന്ന ചടങ്ങാണ്.

Author : ശാലിനി രഘുനന്ദനൻ

മനില: ബ്ലാക്ക് നസറീൻ ഘോഷയാത്ര ആഘോഷിച്ച് ഫിലിപ്പീൻസിലെ വിശ്വാസികൾ. മനിലയിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ ഘോഷയാത്രയിൽ ലക്ഷകണക്കിന് ആളുകളാണ് നഗ്നപാദരായി പങ്കെടുത്തത്. തിരക്കിനെ തുടർന്ന് കർശന നിയന്ത്രണങ്ങളോടെയായിരുന്നു ആഘോഷം.

വർഷം തോറും മനിലയിൽ ക്രിസ്തുമത വിശ്വാസികൾ ആഘോഷിക്കുന്ന ചടങ്ങാണ് ബ്ലാക്ക് നസറീൻ. കുരിശുമേന്തി നിൽക്കുന്ന യേശുക്രിസ്തുവിൻ്റെ കറുത്ത മരത്തടിയിൽ കൊത്തിയെടുത്ത രൂപം വഹിച്ചുകൊണ്ടുള്ള യാത്രയിൽ, ദശലക്ഷക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

പാപങ്ങളിൽ നിന്ന് മുക്തി നേടാൻ നഗ്നപാദരായാണ് വിശ്വാസികൾ ഘോഷയാത്രയിൽ പങ്കെടുക്കുന്നത്. ക്രിസ്തുവിന്റെ രൂപത്തിൽ സ്പർശിച്ച തൂവാലകൾക്ക് അത്ഭുത രോഗശാന്തി നൽകാൻ ശക്തിയുണ്ടെന്ന് വിശ്വാസികൾ കരുതുന്നു. ഘോഷയാത്രയിലെ ഏറ്റവും പ്രധാനഭാഗം സാൻ സെബാസ്റ്റ്യൻ പള്ളിക്ക് മുന്നിലെത്തുമ്പോഴുള്ള ദുങ്കാവ് എന്ന ചടങ്ങാണ്.

യേശുക്രിസ്തുവും മാതാവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ പ്രതീകമായുള്ള ചടങ്ങ് വിശ്വാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. മനിലയിലെ ക്വിയാപ്പോ പള്ളിയിലാണ് യേശുവിൻ്റെ തിരുസ്വരൂപം സ്ഥിരമായി സൂക്ഷിച്ചിരിക്കുന്നത്. ഫിലിപ്പീൻ റെഡ്ക്രോസിൻ്റെ റിപ്പോർട്ട് പ്രകാരം, ചടങ്ങിനിടെ ഉണ്ടായ തിരക്കിൽപ്പെട്ട് 700-ലധികം പേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.

SCROLL FOR NEXT