ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എത്തിയത് യൂറോപ്യന്‍ വ്യോമപാത ഒഴിവാക്കി. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐസിസി) അറസ്റ്റ് വാറന്റാണ് ഇത്തരമൊരു യാത്രയ്ക്ക് നെതന്യാഹുവിനെ നിര്‍ബന്ധിതനാക്കിയത്. യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് കഴിഞ്ഞ നവംബറിൽ ഐസിസി നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ, രാജ്യത്ത് പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് യൂറോപ്പിലെ ഐസിസി അംഗരാജ്യങ്ങളും നിലപാടെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് നെതന്യാഹുവിന്റെ വളഞ്ഞവഴി യാത്ര.
ഔദ്യോഗിക യാത്രാവിമാനമായ 'വിങ്സ് ഓഫ് സീയോനി'ലായിരുന്നു നെതന്യാഹുവിന്റെ ന്യൂയോര്‍ക്ക് യാത്ര. യൂറോപ്യന്‍ വ്യോമപാത ഒഴിവാക്കിയാണ് വിങ്സ് ഓഫ് സീയോന്‍ ന്യൂയോര്‍ക്കിലേക്ക് പറന്നത്. ഗ്രീസ്, ഇറ്റലി അതിർത്തിയിലൂടെ മെഡിറ്ററേനിയൻ കടന്ന് ജിബ്രാൾട്ടർ കടലിടുക്കിലൂടെ യൂറോപ്യൻ രാജ്യങ്ങളെ തൊടാതെയാണ് നെതന്യാഹു ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഫ്രഞ്ച് വിമാനത്താവളം ഉള്‍പ്പെടുന്ന മധ്യ യൂറോപ്പിലൂടെ നേരിട്ട് യുഎസിലേക്ക് എത്താമെന്നിരിക്കെ, 600 കിലോമീറ്ററോളമാണ് നെതന്യാഹു അധികം യാത്ര ചെയ്തത്.
ഏതെങ്കിലുമൊരു സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ലാന്‍ഡിങ് വേണ്ടിവന്നാല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന ഭയമാണ് നെതന്യാഹുവിനെ ഇത്തരമൊരു യാത്രയ്ക്ക് നിര്‍ബന്ധിതനാക്കിയത്. നെതന്യാഹു രാജ്യത്ത് എത്തിയാല്‍ തടങ്കലിലാക്കുമെന്ന് അയര്‍ലന്‍ഡ് വ്യക്തമാക്കിയിരുന്നു. ഐസിസി അന്വേഷണവുമായി സഹകരിക്കുമെന്ന് സ്പെയിനും അറിയിച്ചിരുന്നു. അത്തരമൊരു നീക്കം സാധ്യമാണോ എന്നായിരുന്നു ഇറ്റലിയുടെ ചോദ്യം.
അതേസമയം, തടങ്കലിലാക്കില്ലെന്നായിരുന്നു ഫ്രാന്‍സിന്റെ നിലപാട്. സാധാരണയായി ഫ്രഞ്ച് വ്യോമപാതയാണ് ഇസ്രയേല്‍ വിമാനയാത്രയ്ക്കായി തെരഞ്ഞെടുക്കുന്നത്. ഇക്കുറിയും ഇസ്രയേല്‍ അനുമതി തേടിയിരുന്നു. എന്നാല്‍, പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതായി ഫ്രാന്‍സ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്നാകാം ഇക്കുറി ഫ്രഞ്ച് വ്യോമപാതയും നെതന്യാഹു ഒഴിവാക്കിയത്.