ഫ്ലോറിഡ: റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചയിൽ പുരോഗതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡൻ്റ് വോളോദിമിർ സെലൻസ്കിയും. യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞു. 20 ഇന സമാധാന പദ്ധതിയിൽ 90 ശതമാനത്തിലും ധാരണയായി എന്ന് സെലൻസ്കി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ട്രംപ് ഫോണിൽ വിളിച്ച് ചർച്ച നടത്തി.
ഫ്ലോറിഡയിലെ മാർ-എ-ലാഗോയിലുള്ള ട്രംപിൻ്റെ റിസോർട്ടിലായിരുന്നു സെലൻസികിയുമായുള്ള കൂടിക്കാഴ്ച. ചർച്ചയിൽ പുരോഗതിയുണ്ടെന്ന് ഇരു നേതാക്കളും പറഞ്ഞു. എന്നാൽ ചില പ്രശ്നങ്ങൾ സംബന്ധിച്ച് ഇനിയും തീരുമാനമായില്ലെന്ന് ട്രംപ് കൂട്ടി ചേർത്തു. ഡോൺബാസിൽ ഒരു സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്ന കാര്യത്തിൽ ഇപ്പോഴും ധാരണയിലെത്താൻ സാധിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. സമാധാന പദ്ധതിയുടെ 90 ശതമാനത്തിലും ധാരണയായി എന്ന് സെലൻസ്കി പറഞ്ഞു. കൂടുതൽ ചർച്ചകൾക്കായി അടുത്തയാഴ്ച യു എസ് -യുക്രേനിയൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും.
സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപായി റഷ്യൻ പ്രസിഡൻ്റ് പുടിനുമായി രണ്ടു മണിക്കൂർ ട്രംപ് ഫോണിൽ സംസാരിച്ചു. സംഭാഷണം ഗുണകരമായിരുന്നെന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. വെടിനിർത്തൽ കരാർ യാഥാർത്ഥ്യമായാൽ താൻ യുക്രെയ്ൻ സന്ദർശിക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ജനുവരിയിൽ ട്രംപ് -സെലൻസ്കി കൂടിക്കാഴ്ച വീണ്ടും നടക്കുമെന്നാണ് റിപ്പോർട്ടുകൾ.