Source: X
WORLD

ഒരാൾക്ക് 1 ലക്ഷം ഡോളർ; ഗ്രീൻലാൻഡുകാരെ കൈയിലെടുക്കാൻ 'മണി പ്ലാനു'മായി ട്രംപ്

യുദ്ധം ഏറ്റെടുക്കുമെന്ന് ഡെൻമാർക്ക് യുഎസിന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുതിയ നീക്കം

Author : വിന്നി പ്രകാശ്

ഡെൻമാർക്കിൻ്റെ ഭീഷണിക്ക് പിന്നാലെ ഗ്രീൻലാൻഡുകാരെ കൈയിലെടുക്കാൻ പുതിയ പ്ലാനുമായി ഡൊണാൾഡ് ട്രംപ്. ഡെൻമാർക്കിൽ നിന്നും വേർപിരിഞ്ഞ് യുഎസിനോട് ചേരാൻ ഗ്രീൻലൻഡുകാരെ പ്രേരിപ്പിക്കുന്നതാണ് പുതിയ പദ്ധതി. ഗ്രീൻലൻഡ് പിടിച്ചടക്കാൻ ശ്രമിച്ചാൽ കമാൻഡർമാരുടെ ഉത്തരവുകൾക്കായി കാത്തിരിക്കാതെ സൈനികർ ഉടൻ തന്നെ യുദ്ധം ഏറ്റെടുക്കുമെന്ന് ഡെൻമാർക്ക് യുഎസിന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുതിയ നീക്കം.

ഗ്രീൻലാൻഡുകാരെ ആകർഷിക്കുന്നതിനായി ഒരാൾക്ക് 10,000 ഡോളർ മുതൽ 100,000 ഡോളർ വരെ പണം നൽകുന്നതിനെ കുറിച്ച് യുഎസ് ഉദ്യോഗസ്ഥർ ചർച്ച ചെയ്തതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്തത്. ഗ്രീൻലൻഡ് വിൽപനക്കില്ലെന്ന് ഡെൻമാർക്ക് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ ഗ്രീൻലൻഡിലെ ജനങ്ങളെ വിലയ്ക്കു വാങ്ങുവാനുള്ള ട്രംപിൻ്റെ ശ്രമം.

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ വൈറ്റ് ഹൗസ് ചർച്ച ചെയ്യുന്ന വിവിധ പദ്ധതികളിൽ ഒന്നായാണ് ഇതും അവതരിപ്പിക്കുന്നത്. എന്നാൽ സ്വന്തം സ്വാതന്ത്ര്യത്തെക്കുറിച്ചും ഡെൻമാർക്കിനെ സാമ്പത്തികമായി ആശ്രയിക്കുന്നതിനെക്കുറിച്ചും വളരെക്കാലമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഗ്രീൻലൻഡ് ജനത ഇതിനോട് ഗ്രീൻ സിഗ്നൽ കാണിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

ഗ്രീൻലാൻഡിനോടുള്ള ട്രംപിൻ്റെ അഭിനിവേശം കാലങ്ങളായുള്ളതാണ്. അമേരിക്കയുടെ ദേശീയ സുരക്ഷാ മുൻഗണന കണക്കിലെടുത്താണ് ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതെന്നും ആർടിക് മേഖലയിലെ എതിരാളികളെ തടയേണ്ടത് അത്യാവശ്യമാണെന്നുമാണ് ട്രംപ് ഇതിന് ന്യായീകരണമായി പറഞ്ഞത്.ട്രംപ് അധികാരമേറ്റെടുക്കുന്നതിന് ഒരു വർഷം മുമ്പ് മുതൽ ഗ്രീൻലാൻഡ് എങ്ങനെ പിടിച്ചെടുക്കാം എന്നതിനെക്കുറിച്ചുള്ള ആഭ്യന്തര ചർച്ചകൾ ട്രംപ് സഹായികൾക്കിടയിൽ നടന്നിരുന്നുവെങ്കിലും വെനിസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ശേഷമാണ് ഇതിനായുള്ള ചർച്ചകൾ ചൂടുപിടിച്ചു തുടങ്ങിയത്.

ഗ്രീൻലാൻഡുകാരിൽ ബഹുഭൂരിപക്ഷവും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നതായി അഭിപ്രായ വോട്ടെടുപ്പുകൾ കാണിക്കുന്നുണ്ടെങ്കിലും, ഡെൻമാർക്കിൽ നിന്ന് വേർപിരിയുന്നതിൻ്റെ സാമ്പത്തിക ചെലവുകളെക്കുറിച്ചുള്ള ആശങ്കകളും മറ്റ് വിഷയങ്ങളും മിക്ക ഗ്രീൻലാൻഡിക് നിയമസഭാംഗങ്ങളെയും സ്വാതന്ത്ര്യ റഫറണ്ടം ആവശ്യപ്പെടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് ചെയ്തത്. ഡെൻമാർക്കിൽ നിന്ന് വേർപിരിയാൻ തയ്യാറാണെങ്കിലും മിക്ക ഗ്രീൻലാൻഡുകാരും യുഎസിൻ്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് സർവേകളും സൂചിപ്പിക്കുന്നത്.

SCROLL FOR NEXT