Donald Trump  Source; X
WORLD

'ഞങ്ങളില്ലെങ്കിൽ ഇസ്രയേൽ ഉണ്ടാവില്ലായിരുന്നു, യുദ്ധച്ചെലവ് മുഴുവൻ തിരിച്ചടയ്ക്കണം'; ഇസ്രയേലിനോടും സഖ്യരാജ്യങ്ങളോടും ഇറാന്‍ യുദ്ധത്തിൻ്റെ ചിലവ് ഈടാക്കാന്‍ ട്രംപ്

സിബിഎസ് ന്യൂസിന്റെ പ്രശസ്തമായ 60 മിനിറ്റ്‌സ് അഭിമുഖത്തിലാണ് ട്രംപ് പശ്ചിമേഷ്യൻ രാജ്യങ്ങളെ ഞെട്ടിച്ചു കൊണ്ട് കടുത്ത നിലപാട് പരസ്യമാക്കിയത്.

Author : ന്യൂസ് ഡെസ്ക്

വാഷിംങ്ടണ്‍: ഇറാനെതിരായ സൈനിക നടപടികൾക്കായി അമേരിക്കയ്ക്ക് ചെലവായ ശതകോടിക്കണക്കിന് ഡോളറിന്റെ മുഴുവൻ യുദ്ധച്ചെലവും ഇസ്രയേലും ഗൾഫ് രാജ്യങ്ങളും ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ സഖ്യകക്ഷികൾ തിരിച്ചടയ്ക്കണമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അന്ത്യശാസനം. സിബിഎസ് ന്യൂസിൻ്റെ പ്രശസ്തമായ 60 മിനിറ്റ്‌സ് അഭിമുഖത്തിലാണ് ട്രംപ് പശ്ചിമേഷ്യൻ രാജ്യങ്ങളെ ഞെട്ടിച്ചു കൊണ്ട് കടുത്ത നിലപാട് പരസ്യമാക്കിയത്.

"ഞങ്ങൾ നടത്തിയ ഈ യുദ്ധച്ചെലവിൻ്റെ ഓരോ ഡോളറും അവർ തിരിച്ചടയ്ക്കണം, ആ പണം മുഴുവൻ ഞങ്ങൾ തിരിച്ചുപിടിക്കുക തന്നെ ചെയ്യും," ട്രംപ് വ്യക്തമാക്കി. തങ്ങൾ നൽകുന്ന സൈനിക സുരക്ഷ വെറുതെയല്ലെന്നും പണം തിരിച്ചുതരണമെന്ന കാര്യം സഖ്യരാജ്യങ്ങളെ ഇതിനകം തന്നെ ഔദ്യോഗികമായി ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രയേലിനെതിരെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് വിരൽ ചൂണ്ടിയത്. "അമേരിക്ക ഇല്ലായിരുന്നെങ്കിൽ ഇന്ന് ഇസ്രയേൽ എന്നൊരു രാജ്യം തന്നെ ഭൂമുഖത്ത് ഉണ്ടാവില്ലായിരുന്നു," എന്ന് ട്രംപ് തുറന്നടിച്ചു. അമേരിക്കൻ ബി-2 ബോംബറുകൾ ഉപയോഗിച്ച് ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്തതു കൊണ്ടാണ് ഇസ്രയേൽ സുരക്ഷിതമായതെന്നും, ആ സംരക്ഷണത്തിന് അവർ പണം നൽകാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം വാദിച്ചു.

ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പലുകളുടെ സുരക്ഷയ്ക്കായി അമേരിക്കൻ നാവികസേനയെ വിന്യസിച്ചിരിക്കുന്നത് വൻ സാമ്പത്തിക ബാധ്യതയല്ലേയെന്ന ചോദ്യത്തിന്, ചെലവ് എത്രയായാലും അത് മുഴുവൻ സഖ്യകക്ഷികളിൽ നിന്ന് വസൂലാക്കാൻ പോവുകയാണെന്നായിരുന്നു ട്രംപിന്റെ മറുപടി.

പെന്റഗൺ പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം ഒക്ടോബർ 16 വരെയുള്ള കണക്കനുസരിച്ച് മാത്രം 47.1 ബില്യൺ ഡോളറാണ് (ഏകദേശം 3.9 ലക്ഷം കോടിയിലധികം രൂപ) ഇറാൻ യുദ്ധത്തിനായി യുഎസ് സൈന്യം ചെലവഴിച്ചത്. ആക്രമണങ്ങൾക്കും പ്രതിരോധത്തിനുമായി ഉപയോഗിച്ച അത്യാധുനിക മിസൈലുകൾക്കാണ് അമേരിക്കയ്ക്ക് ഏറ്റവും കൂടുതൽ തുക ചിലവായത്.

നവംബർ മൂന്നിന് നടന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ കനത്ത പരാജയത്തിന് കാരണം ഇറാൻ യുദ്ധവും ഇന്ധന വിലക്കയറ്റവുമാണെന്ന് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സമ്മതിച്ചിരുന്നു. ആഭ്യന്തരമായി കടുത്ത രാഷ്ട്രീയ-സാമ്പത്തിക സമ്മർദ്ദത്തിലായ ട്രംപ്, യുദ്ധത്തിന്റെ സാമ്പത്തിക ഭാരം പശ്ചിമേഷ്യൻ സഖ്യകക്ഷികളുടെ തലയിൽ കെട്ടിവെക്കാൻ നോക്കുകയാണെങ്കിലും, ഇത്തരത്തിൽ നഷ്ടപരിഹാരം നൽകാൻ ഔദ്യോഗിക കരാറുകളൊന്നുമില്ലെന്നിരിക്കെ ട്രംപിൻ്റെ ഈ ഭീഷണി വലിയ അന്താരാഷ്ട്ര നയതന്ത്ര തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.

SCROLL FOR NEXT