strait of hormuz,donald trumb 
WORLD

"ഹോർമുസ് ഇനി അമേരിക്ക നിയന്ത്രിക്കും, ചെലവിനുള്ള പണവും അവിടെ നിന്ന് കണ്ടെത്തും"; ഡൊണാൾഡ് ട്രംപ്

യുഎസും ഇറാനും തമ്മിലുള്ള സംഘർഷം കനക്കുന്ന പശ്ചാത്തലത്തിലാണ് ആഗോള എണ്ണ-വാതക വിതരണത്തെ ബാധിക്കുന്ന ട്രംപിന്റെ ഈ പുതിയ നീക്കം

Author : ന്യൂസ് ഡെസ്ക്

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഇറാനെതിരെയുള്ള നാവിക ഉപരോധം പുനരാരംഭിക്കുന്നതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സുരക്ഷാ ചെലവുകൾക്കായി എല്ലാ ചരക്കുകപ്പലുകളിൽ നിന്നും 20 ശതമാനം തുക ഈടാക്കും. പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം കനക്കുന്ന പശ്ചാത്തലത്തിലാണ് ആഗോള എണ്ണ-വാതക വിതരണത്തെ ബാധിക്കുന്ന ട്രംപിന്റെ ഈ പുതിയ നീക്കം.

"ഇറാന്റെ സാന്നിധ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഹോർമുസ് കടലിടുക്ക് തുറന്നുതന്നെയിരിക്കും, നിയന്ത്രണം ഞങ്ങൾ തന്നെ ഏറ്റെടുക്കും. ഞങ്ങൾ അവിടുത്തെ കാവൽക്കാരായി മാറും. ഈ സംരക്ഷണത്തിന് ഞങ്ങൾക്ക് പ്രതിഫലം ലഭിക്കണം"ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

അതേസമയം, ഹോർമുസ് കടലിടുക്കിൽ യുഎസിന്റെ യാതൊരുവിധ ഇടപെടലുകളും അനുവദിക്കില്ല. കടന്നു പോകാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കയ്ക്ക് സൈനികമോ തന്ത്രപരമോ ആയ പിന്തുണ നൽകുന്ന പ്രാദേശിക രാജ്യങ്ങളുടെ നടപടി ഇറാന്റെ പരമാധികാരത്തിന്മേലുള്ള യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും ഇറാൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ജൂണിൽ ഇരുവിഭാഗവും ഒപ്പുവെച്ച പ്രാഥമിക ധാരണാപത്രത്തിന്റെ ലംഘനമാണ് ഇപ്പോൾ നടക്കുന്ന ആക്രമണങ്ങൾ. യുഎസ് ഉപരോധം പിൻവലിക്കാനും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കാനും അന്ന് ധാരണയായിരുന്നു. എന്നാൽ, കരാറിലെ വ്യവസ്ഥകളെച്ചൊല്ലിയുള്ള തർക്കമാണ് വീണ്ടും യുദ്ധത്തിലേക്ക് നയിച്ചത്. കടലിടുക്കിലൂടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമ്പോഴും അതിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കായിരിക്കുമെന്നാണ് ഇറാന്റെ വാദം. ഇതിന്റെ ഭാഗമായി ഒമാൻ തീരത്തുകൂടി പോകുന്ന കപ്പലുകളെ ഇറാൻ ലക്ഷ്യമിട്ടിരുന്നു. എന്നാൽ ഇത് കരാർ ലംഘനമാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.

SCROLL FOR NEXT