ടെഹ്‌റാൻ: ഇറാൻ്റെ ഹിറ്റ്ലിസ്റ്റിൽ പെട്ട ആളുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഇറാനിലെ പ്രമുഖ ദിന പത്രം. പരമോന്നത നേതാവ് അലി ഖമേനിയുടെ കൊലപാതകത്തിന് പ്രതികാരമായി ലക്ഷ്യമിടുന്ന ആളുകളുടെ പട്ടിക എന്ന പേരിലാണ് യുഎസ്, ഇസ്രായേൽ, യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളുടെ പേര് പുറത്തു വിട്ടിരിക്കുന്നത്.
യുഎസ് ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഫെബ്രുവരി 28നാണ് ആയത്തുള്ള കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ മൊജ്തബ ഖമനേയി പരമോന്നത നേതാവിൻ്റെ മരണത്തിന് പ്രതികാരം വീട്ടുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.
പട്ടികയിൽ പേരുള്ള ഈ കുറ്റവാളികളെ മരണ കിടക്കയിലേക്ക് നയിക്കുമെന്ന് ആയത്തൊള്ളയുടെ സംസ്കാരത്തിന് പിന്നാലെ മൊജ്തബ പറഞ്ഞതായി പരാമർശിച്ചു കൊണ്ടാണ് ദിന പത്രം 13 അന്താരാഷ്ട്ര നേതാക്കളുടെ ഇൻഫോഗ്രാഫിക് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്. ലക്ഷ്യമിടുന്ന വ്യക്തികളുടെ പട്ടിക ഇറാൻ തയ്യാറാക്കിയിട്ടുണ്ടെങ്കിലും പേരുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പത്രം പ്രസിദ്ധീകരിച്ച പട്ടിക ഔദ്യോഗികമായി അംഗീകരിച്ചതായും പരമോന്നത നേതാവ് സൂചന നൽകിയിട്ടില്ല.
അതേസമയം പത്രം പ്രസിദ്ധീകരിച്ച ഇൻഫോഗ്രാഫിക് ചിത്രങ്ങളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ എന്നിവരുടെ ചിത്രങ്ങളുമുണ്ട്. ഇത് കൂടാതെയുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് എന്നിവരും പട്ടികയിലുണ്ട്.
യുദ്ധസമയത്ത്, യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ പ്രദേശത്തിനു നേരെയുള്ള ആക്രമണങ്ങളെ അപലപിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും യുഎസ് സൈനിക വിമാനങ്ങളെ അവരുടെ വ്യോമാതിർത്തിയിലൂടെ പറക്കാൻ അനുവദിച്ചുകൊണ്ട് അവർ അതിന് കൂട്ടുനിന്നുവെന്നും ഇറാൻ ആരോപിച്ചു.