WORLD

"വളരെയധികം നിരാശപ്പെടുത്തി"; ഇറാനെ ആക്രമിക്കാന്‍ വ്യോമത്താവളം വിട്ടുനല്‍കാന്‍ ബ്രിട്ടണ്‍ ആദ്യം വിസമ്മതിച്ചതില്‍ ട്രംപിന് അതൃപ്തി

ആദ്യഘട്ടത്തില്‍ വ്യോമതാവളം യുഎസിന് ഉപയോഗിക്കാന്‍ ബ്രിട്ടണ്‍ സമ്മതിച്ചിരുന്നില്ല

Author : ന്യൂസ് ഡെസ്ക്

ലണ്ടണ്‍: ഇറാനെതിരെ ആക്രമണം നടത്താന്‍ ഡീഗോ ഗാര്‍ഷ്യ വ്യോമ താവളം ഉപയോഗിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ആദ്യം അനുമതി നിഷേധിച്ചതില്‍ താന്‍ വളരെയധികം നിരാശനായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡെയിലി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

ആദ്യഘട്ടത്തില്‍ വ്യോമതാവളം യുഎസിന് ഉപയോഗിക്കാന്‍ ബ്രിട്ടണ്‍ സമ്മതിച്ചിരുന്നില്ല. അതിന് ശേഷം ഞായറാഴ്ച വൈകുന്നേരം സ്റ്റാര്‍മര്‍ ബ്രിട്ടണായി അനുമതി നല്‍കുകയായിരുന്നു. ആദ്യം അനുമതി നല്‍കാന്‍ ബ്രിട്ടണ്‍ 'കുറേ സമയം' എടുത്തു എന്നാണ് ട്രംപിന്റെ വാദം.

'രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. നിയമപരമായ കാര്യങ്ങളെ കുറിച്ച് ഓര്‍ത്ത് ഉണ്ടാവുന്ന ആശങ്കയായാണ് ആദ്യം അനുമതി നിഷേധിച്ചതിനെ മനസിലാക്കുന്നത്,' ട്രംപ് പറഞ്ഞു.

ഡീഗോ ഗാര്‍ഷ്യ വ്യോമതാവളം ഉപയോഗിക്കാന്‍ സ്റ്റാര്‍മര്‍ ആദ്യം തന്നെ അനുമതി തരണമായിരുന്നുവെന്നും ബ്രിട്ടണില്‍ നിന്നുള്ള നിരവധി പേരെ കൊലപ്പെടുത്തിയതിന് ഉത്തരവാദി ഇറാന്‍ ആണെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ ശനിയാഴ്ച ഇറാനില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ ബ്രിട്ടണ് പങ്കില്ല. ഈ സാഹചര്യത്തില്‍ കൂടിയാകാം സ്റ്റാര്‍മര്‍ ആദ്യ ഘട്ടത്തില്‍ അനുമതി നല്‍കാന്‍ മടിച്ചതെന്നാണ് കരുതുന്നത്.

SCROLL FOR NEXT