യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്‌കി വിചാരിച്ചാൽ റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വെടിനിർത്തലിന് യുക്രെയ്ന്‍ വിട്ടുവീഴ്ച ചെയ്യണം. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ സെലന്‍സ്കിക്ക് യുദ്ധം ഉടന്‍ അവസാനിപ്പിക്കാമെന്നും ട്രംപ് അറിയിച്ചു.
നാറ്റോയിൽ ചേരാനുള്ള മോഹം യുക്രെയ്ന്‍ ഉപേക്ഷിക്കണമെന്നും ട്രംപ് അറിയിച്ചു. 2014ല്‍ റഷ്യ പിടിച്ചടക്കിയ ക്രിമിയ തിരികെ ലഭിക്കില്ല. ചില കാര്യങ്ങള്‍ ഒരു കാലത്തും മാറില്ല എന്നും ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. സെലൻസ്കിയുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് ഇത്തരത്തിലൊരു നിലപാടിലേക്ക് ട്രംപ് എത്തിയത്.
ഇന്ന് വൈറ്റ് ഹൗസിൽ ട്രംപുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്കായി സെലൻസ്കി യുഎസിലെത്തിയിട്ടുണ്ട്. യുക്രെയ്നിലെ സ്ഥലങ്ങൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തേക്കും. അതേസമയം ചർച്ചയിലേക്ക് യൂറോപ്യൻ നേതാക്കൾക്കും ക്ഷണമുണ്ട്. യുക്രെയ്ന് പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് യൂറോപ്യൻ യൂണിയനിലെ നേതാക്കളും വൈറ്റ് ഹൗസിൽ വച്ച് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നത്. യൂറോപ്യൻ യൂണിയന്റെ ശക്തമായ പിന്തുണ സെലൻസ്കിക്കുണ്ടെന്ന സന്ദേശം കൂടി പകരുന്നതാണ് നേതാക്കളുടെ സാന്നിധ്യം.