Source: X
WORLD

ഇറാൻ പരാജയപ്പെടുന്നത് വരെ യുദ്ധം തുടരുമെന്ന് ട്രംപ്, എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇറാൻ തീരുമാനിക്കുമെന്ന് ഐആർജിസി

ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് ഉറപ്പാക്കുന്നത് വരെ യുദ്ധമുണ്ടാകും

Author : ന്യൂസ് ഡെസ്ക്

ഇറാൻ പരാജയപ്പെടുന്നത് വരെ യുദ്ധം തുടരുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് ഉറപ്പാക്കുന്നത് വരെ യുദ്ധമുണ്ടാകും. ഇറാൻ്റെ ഡ്രോണും മിസൈൽ നിർമാണ കേന്ദ്രങ്ങളും തകർത്തതായും ട്രംപ് അവകാശപ്പെട്ടു. അതേസമയം, യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് ഇറാന്‍ തീരുമാനിക്കുമെന്ന് ഐആർജിസി വക്താവ് അലി മുഹമ്മദ് നയ്നി ട്രംപിന് മറുപടി നൽകി.

യുദ്ധം ഏറെക്കുറെ അവസാനിച്ചതായി ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് യുദ്ധം വീണ്ടും തുടരുമെന്നുള്ള ട്രംപിൻ്റെ പരസ്പര വിരുദ്ധ പ്രസ്താവന. മൊജ്തബ ഖമനേയി ഇറാൻ്റെ പരമോന്നത നേതാവായത് നിരാശപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞു. എണ്ണവില കുറയ്ക്കുവാനായി ചില രാജ്യങ്ങൾക്ക് മേലുള്ള ഉപരോധം നീക്കുന്നത് ആലോചനയിലാണെന്നും ട്രംപ് വ്യക്തമാക്കി.

ഇതിനിടെ ഇറാൻ്റെ ആക്രമണത്തിൽ ബഹ്റൈനിലെ മനാമയിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. മനാമയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തിലാണ് 29കാരിയായ യുവതി കൊല്ലപ്പെട്ടത്. തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു കത്തോലിക്കാ പുരോഹിതനും കൊല്ലപ്പെട്ടു. മജ്ദാൽ പട്ടണവും നബതിയേഹ് ജില്ലയിലെ കാഫർ സാസിറും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ലെബനീസ് മരോനൈറ്റ് കത്തോലിക്കാ പുരോഹിതൻ ഫാദർ പിയറി അൽ-റാഹി ആണ് കൊല്ലപ്പെട്ടത്. ബിൻ്റ് ജ്ബെയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

SCROLL FOR NEXT