വൊളോഡിമർ സെലൻസ്കി, ട്രംപ് Source: Wikkimedia
WORLD

സെലൻസ്കിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്; യുക്രെയ്ൻ പ്രസിഡൻ്റ് യുഎസ് സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്

അലാസ്കയിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള യാത്രാമധ്യേ ട്രംപ് സെലൻസ്‌കിയുമായി 'ദീർഘമായ സംഭാഷണം' നടത്തിയെന്നാണ് വൈറ്റ് ഹൗസ് പ്രസ്താവന

Author : ന്യൂസ് ഡെസ്ക്

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള ചർച്ചയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമർ സെലൻസ്‌കിയെ ഫോണിൽ വിളിച്ച് സംസാരിച്ചതായി റിപ്പോർട്ട്. അലാസ്കയിൽ പുടിനുമായി നടത്തിയ ച‍ർച്ചയുടെ വിശദാംശങ്ങൾ സെലൻസ്കിയെ അറിയിച്ചു. ഓഗസ്റ്റ് 18 തിങ്കളാഴ്ച സെലൻസ്‌കി വാഷിംഗ്ടൺ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി അന്താരാഷ്ട്ര മാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു.

അലാസ്കയിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള യാത്രാമധ്യേ ട്രംപ് സെലൻസ്‌കിയുമായി 'ദീർഘമായ സംഭാഷണം' നടത്തിയെന്നാണ് വൈറ്റ് ഹൗസ് പ്രസ്താവന. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ‍ർ സ്റ്റാ‍ർമർ, ഫ്രഞ്ച് പ്രസിഡൻ്റ് ഇമാനുവൽ മാക്രോ തുടങ്ങിയ നേതാക്കളുമായും ട്രംപ് സംസാരിച്ചു.

വെടിനിർത്തൽ കരാറിനേക്കാൾ നല്ലത് സമാധാന ഉടമ്പടിയാണെന്ന് കരുതുന്നെന്ന് ട്രംപ് സെലൻസ്‌കിയോട് പറഞ്ഞതായി ആക്‌സിയോസ് റിപ്പോർട്ടർ ബരാക് റാവിഡ് പറഞ്ഞു. സെലൻസ്‌കിയുമായും യൂറോപ്യൻ നേതാക്കളുമായും യുഎസ് പ്രസിഡന്റിന്റെ ഫോൺ സംഭാഷണം ഏകദേശം ഒന്നര മണിക്കൂറാണ് നീണ്ടത്.

അതേസമയം റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലന്‍സ്കി ഒത്തുതീർപ്പിന് തയ്യാറാകണമെന്നായിരുന്നു യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രസ്താവന. റഷ്യൻ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉറപ്പാക്കുന്നതിൻ്റെ പൂർണ ഉത്തരവാദിത്തം ഇപ്പോൾ സെലൻസ്‌കിയുടേതാണെന്നാണ് ട്രംപിൻ്റെ പക്ഷം.

അലാസ്ക ചർച്ചയ്ക്ക് ശേഷം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. "ഇനി ഒരു കരാറിലെത്തിചേരുക എന്നത് പ്രസിഡന്റ് സെലന്‍സ്കിയുടെ ഉത്തരവാദിത്തമാണ്. യൂറോപ്യൻ രാജ്യങ്ങൾ ചെറിയ രീതിയിൽ ഇടപെടണമെങ്കിലും, യുദ്ധം അവസാനിപ്പിക്കുക എന്നത് പ്രസിഡന്റ് സെലന്‍സ്കിയുടെ ഉത്തരവാദിത്തമാണ്," ഉച്ചകോടിക്ക് ശേഷം ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. അടുത്ത ചർച്ചയിൽ പുട്ടിനും സെലൻസ്കിയും താനുമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.

SCROLL FOR NEXT