Source: Social Media
WORLD

ഗ്രീൻലൻഡ് പദ്ധതിയെ പിന്തുണക്കാത്ത രാജ്യങ്ങളെ പാഠം പഠിപ്പിക്കാൻ ട്രംപ്! താരിഫ് കൂട്ടുമെന്ന് ഭീഷണി

ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് ആവശ്യമാണെന്നായിരുന്നു ട്രംപിൻ്റെ പ്രസ്താവന

Author : വിന്നി പ്രകാശ്

ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള തൻ്റെ പദ്ധതികളെ പിന്തുണയ്ക്കാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന ആരോഗ്യ വട്ടമേശ സമ്മേളനത്തിലായിരുന്നു ട്രംപിൻ്റെ പരാമർശം. ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള തൻ്റെ പദ്ധതികളെ പിന്തുണക്കാത്തവർക്ക് മേൽ തീരുവ ചുമത്തിയേക്കും,കാരണം നമുക്ക് ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് ആവശ്യമാണെന്നായിരുന്നു ട്രംപിൻ്റെ പ്രസ്താവന.

വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയ ശേഷമായിരുന്നു അർധ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള തൻ്റെ ശ്രമങ്ങൾ ട്രംപ് പുനരാരംഭിച്ചത്. റഷ്യയും ചൈനയും ആർട്ടിക് മേഖലയിലും അതിലെ ധാതുക്കളിലും കൂടുതൽ താൽപ്പര്യം കാണിക്കുന്നതിനാൽ ഗ്രീൻലൻഡ് സംരക്ഷമില്ലാത്ത അവസ്ഥയിലാണെന്നാണ് ട്രംപിൻ്റെ വാദം.

ഇതിന് പിന്നാലെ ഗ്രീൻലൻഡ് ഏറ്റെടുക്കാൻ വേണ്ടി വന്നാൽ സൈനിക ശക്തി പ്രയോഗിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കടുത്ത എതിർപ്പ് ഡെന്മാർക്ക് പ്രകടിപ്പിച്ചിരുന്നുവെങ്കിലും യുഎസും, ഗ്രീൻലൻഡും, ഡെന്മാർക്കും ചർച്ചകൾ തുടരുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

ട്രംപ് ദ്വീപ് ഏറ്റെടുക്കാൻ ശ്രമിക്കുമ്പോൾ, ഗ്രീൻലാൻഡിലെ സുരക്ഷയുടെ കാര്യത്തിൽ ട്രംപിന് ഉറപ്പുനൽകാൻ ഫ്രഞ്ച്, ജർമ്മൻ സൈനികർ ശ്രമം നടത്തുന്നുണ്ട്. അതേസമയം, യൂറോപ്പിലെ സൈനികർ പ്രസിഡൻ്റിൻ്റെ തീരുമാനത്തെ സ്വാധീനിക്കുമെന്ന് കരുതുന്നില്ലെന്നും ഗ്രീൻലാൻഡ് ഏറ്റെടുക്കൽ എന്ന അദ്ദേഹത്തിൻ്റെ ലക്ഷ്യത്തെ അത് ബാധിക്കുമെന്ന് കരുതുന്നില്ലെന്നും കരോലിൻ ലീവിറ്റ് അറിയിച്ചു.

SCROLL FOR NEXT