അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങളെ അവഗണിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ തൻ്റെ രാജ്യത്തിൻ്റെ ആണവായുധ ശേഖരം വർധിപ്പിക്കുന്നതായി റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേണലിന്റെ (WSJ) റിപ്പോർട്ട് അനുസരിച്ച്, ട്രംപ് കഴിഞ്ഞ വർഷം ഔദ്യോഗിക ഫോൺ മാർഗവും മറ്റ് ആശയവിനിമയ മാർഗങ്ങളിലൂടെയും കിമ്മിനെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ആരും പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.
തുടർന്ന് ട്രംപ് ന്യൂയോർക്കിലെ മാൻഹട്ടനിലുള്ള ഐക്യരാഷ്ട്രസഭയിലെ ഉത്തരകൊറിയയുടെ ഓഫീസ് വഴി ഉത്തര കൊറിയയിലേക്ക് കത്ത് പദ്ധതിയിട്ടിരുന്നതായും വിവരമുണ്ട്. ഒരു ഉത്തരകൊറിയൻ നയതന്ത്രജ്ഞന് കത്ത് കൈമാറിയെങ്കിലും പിന്നീട് യുഎൻ യോഗത്തിനിടെ ഇയാൾ തുറക്കാത്ത ഈ കത്ത് ഒരു യുഎസ് പ്രതിനിധിയുടെ മുന്നിൽ വച്ചതായും വിവരമുണ്ട്.
ട്രംപിൻ്റെ ആദ്യ ടേമിൽ ഇരുവരും മൂന്ന് തവണ കണ്ടുമുട്ടിയിരുന്നു. കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം ഉത്തര കൊറിയയെ ന്യൂക്ലിയർ ആയുധങ്ങൾ ഉണ്ടാക്കുന്നതിൽ നിന്നും തടയുകയായിരുന്നുവെങ്കിലും നിലവിൽ അതിന് താൽപര്യമില്ലാത്ത സമീപമാണ് കിങ് ജോങ് ഉന്നിനുള്ളത്. ട്രംപുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ പോലും തയ്യാറല്ലെന്ന സൂചനയാണ് ഇത് നൽകുന്നത്.
ഏഷ്യൻ യാത്രയ്ക്കിടെ കിമ്മുമായി മറ്റൊരു കൂടിക്കാഴ്ചയ്ക്ക് ട്രംപ് അടുത്തിടെ ശ്രമിച്ചിരുന്നു. എന്നാൽ, യുഎസിന് അംഗീകരിക്കാൻ കഴിയാത്ത ചില നിബന്ധനകൾ കിം മുന്നോട്ടുവച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. 2019 ൽ കിം അവസാനമായി ട്രംപിനെ കണ്ടതിനുശേഷം, ഉത്തരകൊറിയയുടെ ആണവ ശേഖരം ഏകദേശം 20-30 വാർഹെഡുകളിൽ നിന്ന് ഏകദേശം 60 ആയി വർധിച്ചു. ഖര ഇന്ധന ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളും (ICBMs) രാജ്യം വികസിപ്പിച്ചെടുത്തിട്ടുണ്ട്.