ഇന്ത്യയെ 'തീരുവകളുടെ മഹാരാജാവ്' എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്ത് ഇന്ത്യ ലാഭം കൊയ്യാനുള്ള പദ്ധതിയിടുകയാണെന്നാണ് പീറ്റർ നവാരോവിൻ്റെ ആരോപണം. നേരത്തെ ആസൂത്രണം ചെയ്തതുപോലെ തന്നെ അടുത്ത ആഴ്ച ഇന്ത്യൻ ഇറക്കുമതിക്ക് 50 ശതമാനം അധികതീരുവ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നതായും പീറ്റർ പറഞ്ഞു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ സൂചന നൽകിയതിന് പിന്നാലെയാണ് വിമർശനവുമായി പീറ്റര്‍ നവാരോ രംഗത്തെത്തിയത്. 50 ശതമാനം അധിക തീരുവയിൽ വിപണയിൽ വമ്പൻ തിരിച്ചടി നേരിടുമെന്ന് അറിഞ്ഞിട്ടും റഷ്യയുമായുള്ള ദീർഘകാല സൗഹൃദം കൈവിടില്ലെന്ന് ഇന്ത്യ ഉറപ്പിച്ചിരുന്നു. ഇതിനൊപ്പം, പ്രാദേശിക എതിരാളിയായ ചൈനയുമായുള്ള സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നടപടികളും കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യ സ്വീകരിച്ചിരുന്നു.
ഓഗസ്റ്റ് 27 മുതൽ ഇന്ത്യയിൽ 25 ശതമാനം അധിക തീരുവ ചുമത്തുമോ എന്ന ചോദ്യം വൈറ്റ് ഹൗസിന് പുറത്തുനിന്നും മാധ്യമപ്രവർത്തകർ ഉയർത്തിയപ്പോൾ, "അത് സംഭവിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്," എന്നായിരുന്നു പീറ്റർ നവാരോയുടെ ഉത്തരം. "2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്ൻ അധിനിവേശം നടത്തുന്നതിന് മുമ്പ്, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയിരുന്നില്ല. അത് അവരുടെ ആവശ്യത്തിന്റെ 'ഒരു ശതമാനം' പോലെയായിരുന്നു. ഇപ്പോൾ ആ ശതമാനം 35 ശതമാനമായി ഉയർന്നു. അവർക്ക് എണ്ണ ആവശ്യമില്ല. ഇത് ഒരു ലാഭ പങ്കിടൽ പദ്ധതിയാണ്. റഷ്യയ്ക്ക് വേണ്ടിയുള്ള കള്ളപ്പണം വെളുപ്പിക്കൽ മാത്രാമാണിത്. ഇതാണ് യാഥാർഥ്യം," പീറ്റർ നവാരോ പറഞ്ഞു.
ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ റഷ്യൻ എണ്ണ ആവശ്യമാണെന്ന വാദം അര്‍ഥശൂന്യമാണെന്നാണ് നവാരോയുടെ വാദം. 'നോക്കൂ, മോദി ഒരു മികച്ച നേതാവാണ്. പക്ഷേ, ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇപ്പോള്‍ ഇന്ത്യയുടെ പങ്ക് എന്താണെന്ന് നോക്കൂ. സമാധാനം സൃഷ്ടിക്കുകയല്ല, രാജ്യം ചെയ്യുന്നത് മറിച്ച് യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണ്.' പീറ്റർ നവാരോ കുറ്റപ്പെടുത്തി.
ഇന്ത്യ വിലകുറഞ്ഞ റഷ്യന്‍ എണ്ണ വാങ്ങി, ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങളാക്കി യൂറോപ്പ്, ആഫ്രിക്ക, എന്നിവിടങ്ങളില്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയാണെന്ന് പീറ്റർ നവാരോ ആരോപിച്ചു. "ഇന്ത്യയുമായുള്ള വ്യാപാരം കാരണം യുഎസിന് ഉണ്ടാകുന്ന ആഘാതം എന്താണ്? തീരുവയുടെ മഹാരാജാവാണ് ഇന്ത്യ. യുഎസിന് ഉയർന്ന തീരുവ ഇതര തടസ്സങ്ങൾ, വൻതോതിലുള്ള വ്യാപാരക്കമ്മി മുതലായവയുണ്ട്. അത് തൊഴിലാളികളെയും യുഎസ് ബിസിനസിനെയും ദോഷകരമായി ബാധിക്കുന്നു. നമ്മിൽ നിന്ന് അവർക്ക് ലഭിക്കുന്ന പണം, അവർ അത് റഷ്യൻ എണ്ണ വാങ്ങാൻ ഉപയോഗിക്കുന്നു, അത് പിന്നീട് അവരുടെ റിഫൈനർമാർ സംസ്കരിക്കുന്നു," പീറ്റർ പറഞ്ഞു.
റഷ്യക്കാർ ആയുധങ്ങൾ നിർമ്മിക്കാനും യുക്രെയ്നിലെ ആളുകളെ കൊല്ലാനുമാണ് ഈ പണം ഉപയോഗിക്കുന്നതെന്ന് പീറ്റർ ആരോപിക്കുന്നു. യുഎസിൻ്റെ നികുതിദായകർ യുക്രെയ്നിന് കൂടുതൽ സഹായവും സൈനിക ശക്തിയും നൽകേണ്ടിവരുന്നു. ഇത് തികച്ചു ഭ്രാന്താണ് രക്തച്ചൊരിച്ചിലിലെ തങ്ങളുടെ പങ്ക് അംഗീകരിക്കാൻ ഇന്ത്യ തയ്യാറാവുന്നില്ലെന്നും പീറ്റർ നവാരെ കൂട്ടിച്ചേർത്തു.