WORLD

വ്യാജവും അടിസ്ഥാനരഹിതവും; മൂന്ന് ബില്യൺ ഡോളർ ഇറാനിലേക്ക് കൈമാറിയെന്ന വാർത്തകൾ തള്ളി യുഎഇ

മാധ്യമങ്ങൾ കൃത്യത പാലിക്കണമെന്നും ഔദ്യോഗിക സ്രോതസുകളെ ആശ്രയിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

അബുദാബി: യുഎഇയിൽ നിന്ന് ഇറാനിലേക്ക് വൻതോതിൽ ഡോളറിന്റെ ഫണ്ട് കൈമാറ്റം നടന്നതായുള്ള വാർത്തകളെ തള്ളി യുഎഇ വിദേശകാര്യ മന്ത്രാലയം. മൂന്ന് ബില്യൺ ഡോളർ ഇറാനിലേക്ക് കൈമാറിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

യുഎഇ വഴി ഫ്രീസുചെയ്ത ഇറാനിയൻ ഫണ്ടുകളൊന്നും വിട്ടുകൊടുക്കുകയോ കൈമാറുകയോ ചെയ്തിട്ടില്ല. മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങൾ പൂർണമായും വാസ്തവവിരുദ്ധമാണ്. മാധ്യമങ്ങൾ കൃത്യത പാലിക്കണമെന്നും ഔദ്യോഗിക സ്രോതസുകളെ ആശ്രയിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സ്ഥിരീകരിക്കാത്ത വിവരങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രസിദ്ധീകരിക്കുന്നതിൽ നിന്നോ പ്രചരിപ്പിക്കുന്നതിൽ നിന്നോ വിട്ടുനിൽക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

യുഎഇ ഇറാന് 10 ബില്യൺ ഡോളര്‍ നല്‍കാമെന്ന് സമ്മതിച്ചു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതില്‍ മൂന്ന് ബില്യണിലധികം ഡോളർ നല്‍കിയെന്നുമാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. എന്നാല്‍ എങ്ങനെയാണ് പണം കൈമാറിയത് എന്ന് വ്യക്തമല്ല. ബാങ്ക് വഴിയാണോ കൈമാറ്റം എന്നും അറിവായിട്ടില്ല. യുഎഇയെ ആക്രമിക്കുന്നത് അവസാനിപ്പിക്കാന്‍ വേണ്ടി തടഞ്ഞുവച്ച 2000 കോടി ഡോളറും കൈമാറാമെന്ന് സമ്മതിച്ചു എന്നും വാര്‍ത്തൾ വന്നിരുന്നു.

SCROLL FOR NEXT