ഇറാൻ്റെ അർധസൈനിക വിഭാഗമായ ഐആർജിസിയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുകെ. ബ്രിട്ടണിൽ നടക്കുന്ന ജൂത വിരുദ്ധ ആക്രമണങ്ങളെ തുടർന്നാണ് നടപടിയെന്നാണ് വിശദീകരണം. പാർലമെൻ്റിൻ്റെ അനുമതി ലഭിക്കുന്നതോടെയാകും നിരോധനം പ്രാബല്യത്തിൽ വരുക. 1979ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം സ്ഥാപിതമായ വിപ്ലവ സംരക്ഷണ സേന ഇറാനിയൻ പരമോന്നത നേതാവിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.
2000ത്തിലെ ഭീകര വിരുദ്ധ നിയമത്തിൽ ഐആർജിസിയെ നിരോധിക്കാൻ പരിമിതി ഉണ്ടായിരുന്നു. പുതിയ ദേശ സുരക്ഷാ നിയമപ്രകാരമാണ് ഷബാന മഹ്മൂദ് നിരോധനം ഏർപ്പെടുത്തിയത്. ഇതോടെ ബ്രിട്ടണിൽ ഐആർജിസിയെ പിന്തുണയ്ക്കുന്നതും സഹായിക്കുന്നതും ക്രിമിനൽ കുറ്റമായി മാറും. വർഷങ്ങൾ നീണ്ട ചർച്ചയ്ക്കൊടുവിലാണ് ഐആർജിസിയെ നിരോധിക്കാനുള്ള തീരുമാനത്തിലേക്ക് ബ്രിട്ടൺ എത്തിയത്. ബ്രിട്ടൻ്റെ സുരക്ഷ ഉറപ്പാക്കാൻ ഇത്തരത്തിലുള്ള നടപടികൾ അത്യന്താപേക്ഷിതമാണെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.
ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ ഇൻ്റർനാഷൽ ടെലിവിഷനിലെ രണ്ട് മാധ്യമപ്രവർത്തകരെ വധിക്കാൻ ഇറാൻ നടത്തിയ ഗൂഢാലോചന, ബ്രീട്ടിഷ് താല്പര്യങ്ങൾ ലക്ഷ്യമിട്ട് നടത്തിയ സൈബർ ആക്രമണങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ഐആർജിസിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ ഇടയാക്കിയത്. നേരത്തെ അമേരിക്ക, യൂറോപ്യൻ യൂണിയൻ, കനഡ, ഓസ്ട്രേലിയ, സൌദി അറേബ്യ, ബഹ്റൈൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളും ഐആർജിസിയെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു.