വൊളോഡിമിർ സെലന്‍സ്കി Source: X/ Volodymyr Zelenskyy
WORLD

റഷ്യയുടെ എസ്‌യു-35 ഫൈറ്റർ ജെറ്റ് വെടിവെച്ചിട്ടു: യുക്രെയ്ന്‍ വ്യോമസേന

കഴിഞ്ഞ ഒരാഴ്ചയായി റഷ്യൻ വ്യോമസേനയ്ക്ക് കനത്ത നാശനഷ്ടമാണ് യുക്രെയ്ൻ വരുത്തുന്നത്

Author : ന്യൂസ് ഡെസ്ക്

റഷ്യയുടെ എസ്‌യു-35 ഫൈറ്റർ ജെറ്റ് വെടിവെച്ചിട്ടതായി യുക്രെയ്ന്‍ വ്യോമസേന. ജൂണ്‍ ഏഴിന് രാവിലെ റഷ്യയിലെ കുർസ്ക് ഒബ്ലാസ്റ്റിലാണ് റഷ്യന്‍ ഫൈറ്റർ ജെറ്റ് യുക്രെയ്ന്‍ തകർത്തത്. ഈ ഓപ്പറേഷനെപ്പറ്റി കൂടുതല്‍ വിശദാംശങ്ങള്‍ യുക്രെയ്ന്‍ പുറത്തുവിട്ടിട്ടില്ല. റഷ്യ അധിനിവേശം ആരംഭിച്ച ശേഷം ഇതുവരെ 414 എയർക്രാഫ്റ്റുകള്‍ തകർത്തതായാണ് യുക്രെയ്ന്‍ ജനറല്‍ സ്റ്റാഫ് പുറത്തുവിടുന്ന വിവരം.

കഴിഞ്ഞ ഒരാഴ്ചയായി റഷ്യൻ വ്യോമസേനയ്ക്ക് കനത്ത നാശനഷ്ടമാണ് യുക്രെയ്ൻ വരുത്തുന്നത്. ജൂൺ ഒന്നിന്, യുക്രെയ്ൻ സെക്യൂരിറ്റി സർവീസ് (SBU) നടത്തിയ ഓപ്പറേഷൻ സ്പൈഡർവെബില്‍, 41 റഷ്യൻ ബോംബർ വിമാനങ്ങളും മറ്റ് വിമാനങ്ങളും തകർത്തതായി റിപ്പോർട്ടുകളുണ്ട്. ഏകദേശം ഏഴ് ബില്യൺ ഡോളറിന്റെ നാശനഷ്ടം വരുത്തിയെന്നും റഷ്യയുടെ തന്ത്രപ്രധാനമായ ബോംബർ കപ്പലുകളില്‍ മൂന്നിലൊന്ന് പ്രവർത്തനരഹിതമാക്കാന്‍ സാധിച്ചുവെന്നുമാണ് യുക്രെയ്ന്‍ അവകാശപ്പെടുന്നത്.

റഷ്യൻ പ്രദേശത്തുടനീളം രഹസ്യമായി വിന്യസിച്ചിരുന്ന ട്രക്കുകളിൽ നിന്ന് വിക്ഷേപിച്ച 117 ഡ്രോണുകൾ ഉപയോഗിച്ചാണ് യുക്രെയ്ന്‍ ഓപ്പറേഷന്‍ സ്പൈഡർവെബിലൂടെ അതിർത്തി കടന്നുള്ള ആക്രമണം സംഘടിപ്പിച്ചത്. യുക്രെയ്‌ന്‍‌ അതിർത്തിയിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങൾ ഉൾപ്പെടെ കുറഞ്ഞത് നാല് പ്രദേശങ്ങളിലെ വ്യോമതാവളങ്ങളിൽ ഒരേസമയം ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. യുക്രെയ്ന്‍ നഗരങ്ങള്‍ ആക്രമിക്കാന്‍ ഉപയോഗിച്ച Tu-95, Tu-22M3 ബോംബറുകൾ ഈ വ്യോമതാവളങ്ങളില്‍ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.

2024 ഓഗസ്റ്റിൽ കുർസ്ക് ഒബ്ലാസ്റ്റിലേക്ക് യുക്രെയ്ൻ അതിർത്തി കടന്നുള്ള ആക്രമണം നടത്തിയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം റഷ്യൻ പ്രദേശത്തേക്ക് ഒരു വിദേശ സേന നടത്തുന്ന ആദ്യത്തെ വലിയ തോതിലുള്ള ആക്രമണമായിരുന്നുവിത്. ഉത്തരകൊറിയൻ സൈന്യത്തിന്റെ പിന്തുണയോടെ, മാർച്ച് ആദ്യം ഈ പ്രദേശം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ റഷ്യ ആരംഭിച്ചതോടെയാണ് പല പ്രദേശങ്ങളില്‍ നിന്നും യുക്രെയ്ന്‍ പിന്മാറിയത്.

SCROLL FOR NEXT